എണ്ണവില വർധന: ജീവിതച്ചെലവ് കുറക്കാൻ വഴിതേടി പ്രവാസികളും
text_fieldsദുബൈ: യു.എ.ഇയിൽ ഇന്ധനവില ഉയർന്ന സാഹചര്യത്തിൽ ജീവിതച്ചെലവ് കുറക്കാൻ പല വഴികൾ തേടി പ്രവാസികളും. ഈ മാസം പെട്രോൾ ലിറ്ററിന് 49 ഫിൽസ്വരെയാണ് വർധിച്ചത്.
ഇതോടെ അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിലയിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ ബജറ്റ് നിയന്ത്രണത്തിന് പല വഴികളാണ് പ്രവാസി കുടുംബങ്ങൾ തേടുന്നത്.
മിക്കവരും താമസസ്ഥലം മാറ്റുന്നതാണ് പരിഗണിക്കുന്ന ഒരു കാര്യം. ജോലിസ്ഥലത്തിനും ഓഫിസിനും അടുത്ത് താമസം മാറ്റുന്നതാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ യാത്ര കുറക്കാനും ചെലവ് കുറക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ചിലർ മക്കളുടെ സ്കൂളുകളുടെ സമീപത്തേക്ക് താമസം മാറ്റുന്നതാണ് പരിഗണിക്കുന്നത്. സ്കൂൾ ബസുകളുടെ ഫീസ് ഉയർത്താൻ പല സ്ഥാപനങ്ങളും തീരുമാനമെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിലരെങ്കിലും സ്കൂൾ പരിസരങ്ങളിലേക്ക് താമസം മാറുന്നത് ആലോചിക്കുന്നത്.
ഗ്രോസറി ഉൽപന്നങ്ങൾ വാങ്ങുന്നതിൽ നിയന്ത്രണവും കൂടുതൽ ശ്രദ്ധയും പുലർത്താനാണ് മറ്റു ചിലർ ഒരുങ്ങുന്നത്. മിക്ക കുടുംബങ്ങളുടെയും ഒരു മാസത്തെ പ്രധാന ചെലവ് ഈ ഇനത്തിലാണ് വരുന്നത്. അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങുകയും ഓഫറുകളും മറ്റും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഈ ഇനത്തിൽ ചെലവ് കുറക്കാനാവുമെന്ന് കണക്കുകൂട്ടുന്നവരുണ്ട്.
ചിലയിടങ്ങളിൽ പ്രവാസികളുടെ 'ദേശീയഭക്ഷണ'മായ ഖുബ്ബൂസിന്‍റെ വിലയിലടക്കം വർധനയുണ്ടായിട്ടുണ്ട്. ഇത് ചെറിയ ശമ്പളക്കാരായ ആളുകളെവരെ ഞെരുക്കത്തിലേക്കാണ് തള്ളിവിടുന്നത്. എന്നാൽ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളത്. തുടർച്ചയായി 21രൂപക്കു മുകളിൽ ദിർഹമിന് എക്സ്ചേഞ്ച് റേറ്റ് ലഭിക്കുന്നുണ്ട്.
ആഴ്ചകൾക്ക് മുമ്പ് 20രൂപക്കും താഴെ പോയതിൽനിന്നാണ് വീണ്ടും ഉയർച്ചയുണ്ടായത്. മൂന്നു മാസത്തിനിടെ യു.എ.ഇയിലെ ഇന്ധനവില ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നേരിയ കുറവുണ്ടായിരുന്നെങ്കിലും ഈ മാസം ഗണ്യമായ വർധനയാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.15 ദിർഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം ഇത് 3.66 ദിർഹമായിരുന്നു. 49 ഫിൽസാണ് കൂടിയത്.
സ്പെഷൽ പെട്രോൾ നിരക്ക് 3.55ൽനിന്ന് 4.03 ദിർഹമായി ഉയർന്നു. ഇ 91 പെട്രോളിന് 3.96 ദിർഹമാണ് നിരക്ക്. കഴിഞ്ഞ മാസം 3.48 ദിർഹമായിരുന്നു. 48 ഫിൽസിന്‍റെ വർധനവ്. അതേസമയം, ഡീസലിന് ആറ് ഫിൽസാണ് വർധിച്ചത്. 4.08 ദിർഹമിൽ നിന്ന് 4.14 ദിർഹമായാണ് ഡീസൽ വില വർധിച്ചത്. യുക്രെയ്ൻ യുദ്ധമടക്കമുള്ള ആഗോള സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ വില കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.