റോഡപകടം: ഫുജൈറയിൽ ഈ വർഷം ആറു മരണം
text_fieldsഫുജൈറ: ഈ വർഷം ജനുവരി മുതൽ ഇതുവരെ ഫുജൈറ എമിറേറ്റിൽ റോഡപകടങ്ങളിൽ മരിച്ചത് ആറുപേർ. അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ മുന്നറിയിപ്പുമായി ഫുജൈറ പൊലീസാണ് മരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്.
ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെ 8,818 വാഹനാപകടങ്ങളാണ് ഫുജൈറയിലുണ്ടായത്. ഇത്രയും അപകടങ്ങളിൽ നിന്നായി 143 പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈയിൽ മാത്രം നാല് മരണങ്ങളാണ് അപകടങ്ങളെ തുടർന്ന് റിപ്പോർട്ട് ചെയ്തത്.
ഫെബ്രുവരിയിലും സെപ്റ്റംബറിലും ഓരോ മരണങ്ങളും രേഖപ്പെടുത്തി. ജൂലൈയിൽ ട്രക്കും മലിനജല ടാങ്കറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വാഹനങ്ങൾ കത്തിനശിച്ചിരുന്നു.
സംഭവത്തിൽ ഒരു ഡ്രൈവർ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബറിൽ അൽ ഫസീലിൽ സൈക്കിളിൽ വാഹനമിടിച്ച് 12 വയസ്സുകാരൻ മരിച്ചിരുന്നു. പരിക്കുകൾ കൂടുതൽ സംഭവിച്ചിരിക്കുന്നത് സെപ്റ്റംബറിലാണ്. 24 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
10 പരിക്കുകളോടെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ജൂണിലാണ്. അപകടങ്ങൾ കുറക്കുന്നതിന് ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകത ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഓർമപ്പെടുത്തി. അമിതവേഗത തന്നെയാണ് ഗുരുതര അപകടങ്ങൾക്ക് പ്രധാന കാരണമെന്നും പെട്ടെന്നുള്ള ലൈൻ മാറ്റങ്ങളും, വാഹനങ്ങൾ തമ്മിൽ അകൽച്ച കുറക്കാത്തതും അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.