ഇടറോഡുകൾ 72ശതമാനം പൂർത്തിയായെന്ന് ആർ.ടി.എ
text_fieldsദുബൈ: എമിറേറ്റിലെ മർഗം, ലഹ്ബാബ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ ഇടറോഡുകളുടെ നിർമാണം 72ശതമാനം പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പത്രക്കുറിപ്പിൽ അറിയിച്ചു.
ഇതോടൊപ്പം വിവിധ റോഡുകളോട് അനുബന്ധിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതും പൂർത്തിയായി വരികയാണ്. ആകെ 19കി.മീ നീളത്തിലാണ് റോഡ് നിർമിക്കുന്നത്. ജനസംഖ്യ വളർച്ചയുടെയും നഗര വികസനത്തിന്റെയും ആവശ്യമനുസരിച്ച് എമിറേറ്റിലെ താമസക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
മർഗമിൽ ദുബൈ-അൽഐൻ റോഡിന് ചേർന്ന് അഞ്ചു കി.മീറ്റർ നീളത്തിലാണ് ഇടറോഡുകൾ നിർമിക്കുന്നത്. സ്കൈ ഡൈവ് ദുബൈക്ക് സമീപത്തെ ഈ പദ്ധതിയിൽ റോഡ് നിർമാണം, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, തെരുവുവിളക്കുകൾ എന്നിവ ഉൾപ്പെടും. 11,000 താമസക്കാർക്ക് പദ്ധതി പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. ലഹ്ബാബിലും അഞ്ചു കി.മീറ്റർ നീളത്തിലാണ് റോഡ് നിർമിക്കുന്നത്. ഇവിടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണവും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്.
അൽ ലിസൈലിയിൽ ഏഴ് കി.മീറ്ററാണ് റോഡിന്റെ നീളം. ഇതോടൊപ്പം സെയ്ഹ് അസ്സലാമിലെയും അൽ ഖുദ്റ ലേക്സ് ഭാഗത്തെയും റോഡുകളിൽ തെരുവുവിളക്കുകൾ 14 കി.മീറ്റർ നീളത്തിൽ സ്ഥാപിക്കുന്നുണ്ട്. ഹത്തയിൽ രണ്ട് കി.മീറ്റർ റോഡ് നിർമാണത്തിലുള്ളത്. സആയിർ, അൽ സലാമി, സുഹൈല എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന റോഡിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, തെരുവുവിളക്കുകൾ എന്നിവയും ഒരുക്കുന്നുണ്ട്. പുതുതായി ഹത്തയിൽ നിർമിച്ച താമസകേന്ദ്രങ്ങളിൽനിന്ന് വന്നുപോകാൻ കൂടുതൽ എളുപ്പം നൽകുമെന്നതാണ് റോഡിന്റെ പ്രത്യേകത. ആറായിരം താമസക്കാർക്ക് ഇത് ഉപകാരപ്പെടും.
മൂന്ന് താമസ കേന്ദ്രങ്ങളിൽ ഇടറോഡുകളുടെ നിർമാണം സമീപ കാലത്ത് ആർ.ടി.എ പൂർത്തീകരിച്ചിരുന്നു. അൽ ഖൂസ് 2, നാദൽ ഷെബ 2, അൽ ബർഷ സൗത്ത് എന്നിവിടങ്ങളിലാണ് റോഡുകൾ നിർമിച്ചത്. 12,000 പേർക്ക് ഉപകാരപ്പെടുന്നതായിരുന്നു പദ്ധതി. പുതിയ റെസിഡൻഷ്യൽ കേന്ദ്രങ്ങളിലേക്കും മറ്റുമാണ് പ്രധാനമായും ഇടറോഡുകൾ വികസിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.