വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വഴിതുറന്ന് റോഡ് വികസനം
text_fieldsദുബൈ: നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കി റോഡ് വികസനം.
അൽ ഖുദ്ര ലേക്, ഇതിനോട് ചേർന്ന ലവ് ലേക്, സ്വാൻ ലേക്, ഫ്ലെമിങ്ങോ ലേക് എന്നിവയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണ് ഒരുങ്ങുന്നത്. അടുത്ത മാസം ഈ റോഡുകൾ പൊതുജനങ്ങൾക്കായി തുറക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
സെയ്ഹ് അൽ ദഹൽ റോഡാണ് വികസിപ്പിച്ച് കൂടുതൽ വാഹനങ്ങൾക്ക് വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ വഴിയൊരുക്കുന്നത്.
നേരത്തെ ഇവിടേക്ക് ഒറ്റവരിപ്പാതയായിരുന്നു ഉണ്ടായിരുന്നത്. ഇതിനു പകരം 11 കിലോമീറ്ററിൽ റോഡിന് വീതി കൂട്ടി. രണ്ടു വശങ്ങളിലേക്കും ഇരട്ടവരി പാതയാണ് നിർമിച്ചിരിക്കുന്നത്. ഇതിനു പുറമെ മൂന്ന് റൗണ്ട് എബൗട്ടുകളും സ്ഥാപിച്ചു. സെയ്ഹ് അൽ സലാം റോഡിനെയും മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന സർക്കാർ നയത്തിന്‍റെ ഭാഗമാണ് റോഡ് വികസനം. അൽ ഖുദ്ര മരുഭൂമിയിലെ മനോഹരമായ തടാകമാണ് ലവ് ലേക്.
ഹാർട്ട് സിംബലിന്‍റെ മാതൃകയിലാണ് ഈ തടാകം നിലകൊള്ളുന്നത്. ലവ് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളുടെ മാതൃകയിൽ മരം നട്ടിരിക്കുന്ന ഇവിടേക്ക് നിരവധി സന്ദർശകരാണ് എത്തുന്നത്. 2018ൽ ശൈഖ് ഹംദാൻ ഇൻസ്റ്റഗ്രാമിലൂടെ ഇതിന്‍റെ ചിത്രം പങ്കുവെച്ചതോടെയാണ് ഇവിടേക്ക് തിരക്കേറിയത്. പുതിയ റോഡ് വരുന്നതോടെ 4000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. നിലവിൽ ഇത് 1800 വാഹനങ്ങളായിരുന്നു. അൽ ഖുദ്രയിലെ ടൂറിസം വികസനത്തിന്‍റെ ഭാഗമായി 23 കിലോമീറ്റർ സൈക്ലിങ് ട്രാക്ക് പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.