യു.എ.ഇയിൽ മലയാളിയുടെ പേരിൽ റോഡ്
text_fieldsഅബൂദബി: രാജ്യത്തിന്റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ അൽഐനിന്റെ പ്രിയ മലയാളി ഡോക്ടർ ജോർജ് മാത്യുവിന്റെ പേരിൽ അബൂദബിയിലെ റോഡ് നാമകരണം ചെയ്ത് യു.എ.ഇ ഭരണകൂടം. 57 വർഷമായി യു.എ.ഇക്ക് നൽകുന്ന സേവനങ്ങൾക്കും സംഭാവനകൾക്കുമുള്ള ആദരവായാണ് പത്തനംതിട്ട തുമ്പമണ്ണിൽ വേരുകളുള്ള ഡോ. ജോർജ് മാത്യുവിനുള്ള ഈ അപൂർവ അംഗീകാരം.
അബൂദബി അൽ മഫ്രകിലെ ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡാണ് ഇനി ജോർജ് മാത്യു സ്ട്രീറ്റ് എന്നറിയപ്പെടുക. ദീർഘവീക്ഷണത്തോടെ യു.എ.ഇക്കായി പ്രവർത്തിച്ചവരെ അനുസ്മരിക്കാനായി പാതകൾ നാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് റോഡിന് ഈ പേര് നൽകിയത്.
രാജ്യത്തിനു വേണ്ടി ചെയ്ത ആത്മാർഥ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് തീരുമാനത്തെ കാണുന്നതെന്ന് ഡോ. ജോർജ് പറഞ്ഞു. 1967ൽ 26ാം വയസ്സിലാണ് ഡോ. ജോർജ് മാത്യു യു.എ.ഇയിലെത്തുന്നത്. അൽഐനിലെ ആദ്യ സർക്കാർ ഡോക്ടറാണിദ്ദേഹം. 1972ൽ അൽഐൻ റീജ്യന്റെ മെഡിക്കൽ ഡയറക്ടർ, 2001ൽ ഹെൽത്ത് അതോറിറ്റി കൺസൽട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സമ്പൂർണ യു.എ.ഇ പൗരത്വം, പരമോന്നത സിവിലിയൻ ബഹുമതിയായ അബൂദബി അവാർഡ് എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.