ഉറക്കം തൂങ്ങിയും അപകടം വിതച്ചും ട്രക്കുകൾ ഒാടിക്കേണ്ട; ബോധവത്കരണവും നടപടികളും ശക്തമാക്കുന്നു
text_fieldsദുബൈ: രാജ്യത്തിെൻറ പല ഭാഗങ്ങളിലായി ഭക്ഷ്യവസ്തുക്കളും നിർമാണ സാധന സാമഗ്രികളും കൊണ്ട് ചീറിപ്പായുന്ന ട്രക്കുകളും അവയുടെ ഡ്രൈവർമാരും ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. എന്നാൽ മതിയായ ഉറക്കമോ വിശ്രമമോ ഇല്ലാതെ ഡ്രൈവർമാർ ട്രക്കോടിക്കുന്നത് വലിയ അപകടങ്ങൾക്കും വഴിവെക്കുന്നുണ്ട്. ഇൗ വർഷം ദുബൈയിൽ സംഭവിച്ച 14 പ്രധാന അപകടങ്ങൾക്കും 15 റോഡപകട മരണങ്ങൾക്കും ട്രക്ക് ഡ്രൈവർമാരുടെ വീഴ്ച കൊണ്ട് സംഭവിച്ചവയാണ്. കഴിഞ്ഞ വർഷം 49 മരണങ്ങളാണുണ്ടായത്.
റോഡിൽ അപകടങ്ങൾ പരിപൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട ദുബൈ പൊലീസ് ട്രക്ക് ഡ്രൈവർമാർക്കായി പ്രത്യേക ബോധവത്കരണ കാമ്പയിന് തുടക്കമിടുന്നു. ഒരു മാസം നീളുന്ന കാമ്പയിനിൽ ഡ്രൈവർമാർക്കും ട്രക്ക് വ്യൂഹങ്ങളുള്ള കമ്പനികൾക്കും ദുബൈ പൊലീസ്,റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഉദ്യോഗസ്ഥർ പ്രത്യേക പരിശീലനവും ക്ലാസും നൽകുമെന്ന് ദുബൈ പൊലീസ് ഫൈൻ കലക്ഷൻ വിഭാഗം ഡയറക്ടർ കേണൽ ഇസ്സാം അൽ അവാർ വ്യക്തമാക്കി.
കൂടുതൽ ട്രക്കുകൾ ഉള്ള കമ്പനികളിൽ നേരിെട്ടത്തി ഡ്രൈവർമാർക്ക് വിശ്രമം നൽകുന്നതിെൻറ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തും. നിർദിഷ്ട റൂട്ടുകളിലല്ലാതെ ഒാടുന്ന വാഹനങ്ങൾക്ക് ചുമത്തുന്ന പിഴയും ബ്ലാക് പോയൻറുകളും കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൗ വർഷം ഇതിനകം 30,664 ട്രക്ക് ഡ്രൈവർമാരുടെ നിയമലംഘനം കണ്ടെത്തി. ഇന്ത്യൻ, പാക് ഡ്രൈവർമാരാണ് അപകട ഒാട്ടം നടത്തിയവരിൽ അധികവും. അപകടകരമായി വാഹനമോടിക്കുന്ന വിവരം പൊതുജനങ്ങളാണ് ഏറെയും പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. നിരോധിത സമയങ്ങളിൽ അൽഖൈൽ റോഡിലൂടെ ട്രക്കുകൾ ഒാടിക്കുന്നതും കർശനമായി തടയും.
ട്രക്ക് ഡ്രൈവർമാർക്കായി ശൈഖ് മുഹമ്മദ് ബിൻ സായിദ്, ഹത്ത, എമിറേറ്റ്്സ് റോഡുകളിലായി 12 വിശ്രമ സ്റ്റോപ്പുകൾ സജ്ജമാക്കിയതായി ആർ.ടി.എ നേർവഴി വിഭാഗം ഡയറക്ടർ ആദിൽ അൽ മർസൂഖി അറിയിച്ചു. ആറെണ്ണം കൂടി ഉടൻ പൂർത്തിയാവും. യാത്രകൾക്കിടയിൽ വിശ്രമിക്കാൻ ത്രിനക്ഷത്ര ഹോട്ടലുകൾ ഒരുക്കിയിട്ടുണ്ട്. 6,100 കമ്പനികളുടെതായി 66,846 ട്രക്കുകളാണ് ദുബൈയിൽ സർവീസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.