അയൽനാട്ടിലെ അങ്കം കാണാൻ...
text_fieldsഅയൽനാട്ടിൽ ലോക മാമാങ്കത്തിന്റെ ആരവം മുഴങ്ങുമ്പോഴും ടിക്കറ്റ് കൈയിലുണ്ടായിട്ടും ഭീമമായ വിമാന നിരക്ക് കാരണം പോവാൻ സാധിക്കാത്തവരാണ് സാധാരണക്കാരായ പ്രവാസികൾ. ഇവർക്ക് ഏറ്റവും മികച്ച മാർഗമാണ് സൗദി വഴിയുള്ള റോഡ് യാത്ര. രാത്രി പത്തിന് പുറപ്പെട്ട് രാവിലെ ആറോടെയാണ് ഞാൻ ഖത്തറിലെത്തിയത്.
യാത്ര ചെയ്യുന്നവർ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് വാഹനമാണ്. വാഹനത്തിന് ലോൺ ഇല്ലെന്ന് ഉറപ്പാക്കിയശേഷം വേണം യാത്ര തുടങ്ങാൻ. ലോണുള്ള വാഹനമാണെങ്കിൽ ബാങ്കിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. ഇത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി വേരിഫൈ ചെയ്യുകയും വേണം. ഇല്ലെങ്കിൽ അതിർത്തികടക്കാൻ കഴിയില്ല. അതിർത്തിയിലെത്തിയ പലരും ഈ കാരണംകൊണ്ട് മടങ്ങുന്നുണ്ട്. ഹയ്യാ കാർഡും സൗദി വിസയുമാണ് ശ്രദ്ധിക്കേണ്ട മറ്റ് രണ്ട് വിഷയങ്ങൾ. സൗദി വിസ സൗജന്യമായി ലഭിക്കുമെങ്കിലും ഇൻഷുറൻസ് പണം നൽകി എടുക്കണം.
അബൂദബിയിൽനിന്ന് 400 കിലോമീറ്ററിൽ താഴെ മാത്രമാണ് സൗദി അതിർത്തിയിലേക്കുള്ളത്. ആദ്യം യു.എ.ഇ ഇമിഗ്രേഷനിൽനിന്ന് 35 ദിർഹം നൽകി എക്സിറ്റ് സ്റ്റാമ്പ് നേടി. ഇവിടെയാണ് കാർ രജിസ്ട്രേഷൻ കാർഡ് പരിശോധിക്കുന്നതും ലോൺ ഇല്ല എന്നുറപ്പ് വരുത്തുന്നതും. ഒരു കിലോമീറ്റർകൂടി മുന്നോട്ട് പോയപ്പോൾ സൗദി എൻട്രി പോർട്ട് എത്തി. അവിടെ ഇ-വിസയുമായി ഇമിഗ്രേഷനിൽ ഇറങ്ങി ഫിംഗർ പ്രിന്റ് എടുത്ത് എൻട്രി സ്റ്റാമ്പ് നേടി. ഹയ്യാ കാർഡും അവർ ചോദിച്ചിരുന്നു. അരകിലോമീറ്റർ കഴിഞ്ഞപ്പോൾ കസ്റ്റംസ് പരിശോധന. വീണ്ടും അരകിലോമീറ്ററെത്തുമ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് എടുക്കാനുള്ള സ്ഥലമെത്തി. 138 സൗദി റിയാലാണ് ഒരാഴ്ചത്തേക്ക് ഇൻഷുറൻസ് നിരക്ക്. ഒന്നര മണിക്കൂറോളമെടുത്താണ് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ഖത്തർ അതിർത്തിയാണ് അടുത്ത ലക്ഷ്യം. സൽവ അതിർത്തി ലക്ഷ്യമിട്ടായിരുന്നു യാത്ര. അത്ര നല്ല റോഡല്ല ഈ വഴിയിൽ. സ്ട്രീറ്റ് ലൈറ്റിന്റെ അഭാവം ഡ്രൈവിങ് അല്പം ദുഷ്കരമാക്കും. 140 കി.മീ. യാത്ര ചെയ്ത് ബത്തയിൽനിന്ന് സൽവയിൽ എത്തി. സൽവ പോർട്ടിൽ ആദ്യം എത്തുന്ന റൗണ്ടെബൗട്ടിന് സമീപം വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. അതും സൗജന്യമാണ്. ഒന്നിൽ കൂടുതൽ ദിവസം ഖത്തറിൽ തങ്ങാൻ പദ്ധതിയുള്ളവർക്ക് വാഹനം ഇവിടെ പാർക്ക് ചെയ്യുന്നതാവും ഏറ്റവും ഉത്തമം. 96 മണിക്കൂർ വരെ വാഹനം ഇവിടെ നിർത്തിയിടാം. സൽവ പോർട്ടിലെ ഈ പാർക്കിങ്ങിൽനിന്ന് സൗദി-ഖത്തർ അതിർത്തി കടത്തിവിടാൻ സൗദി സൗജന്യമായി ഷട്ടിൽ ബസ് സൗകര്യം 24 മണിക്കൂറും ഒരുക്കിയിട്ടുണ്ട്. ആ ബസിൽ കയറി ആദ്യം എത്തിയത് സൗദി എക്സിറ്റ് പോയന്റിലാണ്. അവിടെനിന്ന് എമിഗ്രേഷൻ എക്സിറ്റ് സ്റ്റാമ്പ് ചെയ്ത് വീണ്ടും അതെ ബസിൽ ഖത്തർ എമിഗ്രേഷൻ പോയന്റിലേക്ക്. ഇതോടെ ആ ബസ് സർവിസ് അവസാനിച്ചു. ഖത്തർ ബോർഡറിൽ ഹയ്യാ കാർഡ് കാണിച്ച് ഖത്തറിലേക്ക് എൻട്രി സ്റ്റാമ്പ് നേടി. അതുകഴിഞ്ഞ് പുറത്തിറങ്ങിയ ഞങ്ങളെക്കാത്ത് ഖത്തർ ബസുകൾ തയാറായി നിൽക്കുന്നുണ്ടായിരുന്നു. അതുവഴി ദോഹ സിറ്റിയിലേക്ക് എത്തി. ഖത്തർ ഇമിഗ്രേഷനിൽനിന്ന് എല്ലാവർക്കും സൗജന്യമായി സിം നൽകുന്നുണ്ട്. അതുകാരണം വേറെ സിം എടുക്കേണ്ട കാര്യമില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.