വെള്ളം നിറഞ്ഞ് റോഡുകൾ; അതിവേഗം ശുചിയാക്കി മുനിസിപ്പാലിറ്റി
text_fieldsദുബൈ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളം നിറഞ്ഞ റോഡുകളും ഓവുചാലുകളും ദ്രുതഗതിയിൽ ശുചിയാക്കി ദുബൈ മുനിസിപ്പാലിറ്റി. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അതിവേഗത്തിലാണ് മഴവെള്ളത്തെ വലിച്ചെടുത്ത് റോഡുകൾ മുനിസിപ്പാലിറ്റി ജീവനക്കാർ ഗതാഗത യോഗ്യമാക്കിയത്.
രാത്രിയിലും മഴ തുടർന്നതോടെ ഒട്ടുമിക്ക പ്രധാന റോഡുകളിലും മഴവെള്ളം കെട്ടിക്കിടന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ചില റോഡുകൾ അധികൃതർ അടിച്ചിട്ട് ഗതാഗതം വഴിതിരിച്ചു വിടേണ്ടി വന്നു. തുടർന്ന് പ്രത്യേക ടീമിനെ സജ്ജമാക്കി ശുചീകരണ പ്രവൃത്തി മുനിസിപ്പാലിറ്റി വേഗത്തിലാക്കുകയായിരുന്നു. രാവിലെയോടെ ഏതാണ്ട് മുഴുവൻ ഇടത്തേയും വെള്ളക്കെട്ടുകളിൽനിന്ന് വെള്ളം വലിച്ചെടുത്ത് വൃത്തിയാക്കാൻ മുനിസിപ്പാലിറ്റി കഴിഞ്ഞു. മഴവെള്ളവും മലിനജലവും ഒഴുകിപ്പോകാനായി 40 ലക്ഷം മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഓവുചാൽ സംവിധാനമാണ് ദുബൈക്കുള്ളത്. 72,000ത്തിലധികം മഴവെള്ള ഡ്രയ്നേജുകളുമായും 35,000 പരിശോധനമുറികളുമായും ഇവയെ ബന്ധിപ്പിച്ചിരിക്കുകയാണ്.
ഇതെല്ലാം 38 മികച്ച സംവിധാനങ്ങളോടുകൂടിയ എക്സിറ്റുകൾ വഴി ജലാശയങ്ങളിൽ എത്തിച്ചേരുകയാണ് ചെയ്യുക. ഇതിനായി 59 ലിഫ്റ്റിങ് ആൻഡ് പമ്പിങ് സ്റ്റേഷനുകളും ദുബൈ മുനിസിപ്പാലിറ്റി സജ്ജമാക്കിയിട്ടുണ്ട്.
എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവർ അടങ്ങിയ 484 ഉദ്യോഗസ്ഥർ, 1150 ജീവനക്കാർ എന്നിവരടങ്ങുന്ന ദ്രുതപ്രതികരണ ടീം 279 കാളുകളാണ് 24 മണിക്കൂറിനുള്ളിൽ കൈകാര്യം ചെയ്തത്.
ജീവനക്കാരെ കൂടാതെ ലൈൻ ശുചീകരിക്കാനായി 15 ഉപകരണങ്ങൾ, ഏഴു ട്രക്കുകൾ, ക്രെയ്നുകൾ, വെള്ളം കൊണ്ടുപോകാനായി 49 ടാങ്കുകൾ, 87 പമ്പുകൾ, 74 പോർട്ടബ്ൾ പമ്പുകൾ, 63 വാഹനങ്ങൾ, 60ലധികം പിക്കപ്പുകൾ, കൂടാതെ 31 മറ്റ് വാഹനങ്ങൾ എന്നിവ അടങ്ങിയ പ്രത്യേക സംവിധാനങ്ങളും ദുബൈ മുനിസിപ്പാലിറ്റി സജ്ജമാക്കിയിരുന്നു.
ദേരയിലും ബർദുബൈയിലുമുടനീളം 20 വാട്ടർ പമ്പുകളാണ് വ്യാപിച്ചുകിടക്കുന്നത്. റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും ബദൽ റോഡുകൾ ഉപയോഗിക്കാൻ പൊലീസ് പ്രത്യേക മുന്നറിയിപ്പ് നൽകിയിരുന്നു. ദുബൈ വിമാനത്താവളത്തിൽ നിന്നുള്ളവർ റോഡു മാർഗം വരുന്നതിന് പകരം മെട്രോ ഉപയോഗിക്കാനും പൊലീസ് നിർദേശിച്ചിരുന്നു.
റോഡ് ഗതാഗത അതോറിറ്റി, ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, നകീൽ എന്നിവയുടെ സംയുക്തമായ പ്രവർത്തനങ്ങളുടെ ഫലമായാണ് രാത്രിയോടെ തന്നെ വെള്ളക്കെട്ടുകൾ പരിഹരിച്ച് ഗതാഗതം സുഖമമാക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.