ഇ-സ്കൂട്ടർ, സൈക്കിൾ നിയമ ലംഘനം കണ്ടെത്താൻ റോബോട്ട്
text_fieldsദുബൈ: ഇലക്ട്രിക് സ്കൂട്ടർ, സൈക്കിൾ ഉപയോക്താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബൈയിൽ റോബോട്ട് വരുന്നു. നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട് മാർച്ച് മാസം മുതൽ പരീക്ഷണയോട്ടം ആരംഭിക്കും. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട്, ഹെൽമെറ്റ് ധരിക്കാതിരിക്കുന്നത്, നിശ്ചിത സ്ഥലത്തല്ലാതെ സ്കൂട്ടറുകൾ പാർക്ക് ചെയ്യുന്നത്, ഇ-സ്കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുന്നത്, കാൽനടക്കാർക്ക് മാത്രമായുള്ള ഭാഗങ്ങളിൽ ഇവ റൈഡ് ചെയ്യുന്നത് എന്നിങ്ങനെ വ്യത്യസ്ത നിയമലംഘനങ്ങൾ കണ്ടെത്തും. 300 ദിർഹം വരെ പിഴ ഈടാക്കുന്ന കുറ്റങ്ങളാണ് ഇവയെല്ലാം. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ദുബൈ പൊലീസിന് വിവരങ്ങൾ പങ്കുവെക്കുകയും വിലയിരുത്തൽ നടത്തുകയും ചെയ്യും.
85 ശതമാനത്തിലധികം കൃത്യതയോടെ നിയമ ലംഘനങ്ങൾ തിരിച്ചറിയാനും 5 സെക്കൻഡുകൾക്കുള്ളിൽ ഡേറ്റ കൈമാറാനും റോബോട്ടിന് കഴിയും. 2 കി.മീറ്റർ വരെ നിരീക്ഷണ സംവിധാനം ഇതിലുണ്ട്. വിവിധ കാലാവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് റോബോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. 1.5 മീറ്ററിനുള്ളിൽ ഏതെങ്കിലും വസ്തുവിനെയോ വ്യക്തിയെയോ തിരിച്ചറിഞ്ഞാൽ റോബോട്ട് സഞ്ചരിക്കുന്നത് നിർത്തും. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണിത്.
റോബോട്ടിന്‍റെ പരീക്ഷണ ഘട്ടത്തിന്‍റെ തുടക്കം ജുമൈറ-3 ബീച്ച് ഏരിയയിലാണ് ആരംഭിക്കുക. പരീക്ഷണത്തിലൂടെ സംവിധാനത്തിന്‍റെ കാര്യക്ഷമതയും ഭാവിയിൽ വിപുലമായ നടപ്പാക്കലിനുള്ള സാധ്യതയെക്കുറിച്ചും പഠിക്കുകയാണ് ദുബൈ അധികൃതരുടെ ലക്ഷ്യം. പരീക്ഷണം ആരംഭിക്കുന്നതിനായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) റോബോട്ടിക്‌സ്, അഡ്വാൻസ്ഡ് ടെക്‌നിക്കൽ സിസ്റ്റം പ്രൊവൈഡറായ ടെർമിനസ് ഗ്രൂപ്പുമായി കരാർ ഒപ്പുവെച്ചു. ദുബൈയിൽ ആർ.ടി.എ ആതിഥേയത്വം വഹിക്കുന്ന ‘മെന’ ട്രാൻസ്‌പോർട്ട് കോൺഗ്രസ് ആൻഡ് എക്‌സിബിഷൻ-2024 പരിപാടിക്കിടയിലാണ് കരാർ ഒപ്പിട്ടത്. ആർ.ടി.എയുമായി പദ്ധതിയിൽ സഹകരിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ടെർമിനസ് ഇന്‍റർനാഷനൽ പ്രസിഡന്‍റ് ഡോ. ലിങ് ചാഹോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.