കുട്ടികൾക്കായൊരു റോബോട്ട് സൂ
text_fieldsപച്ചപ്പുൽച്ചാടിയും ചിത്രശലഭങ്ങളുമൊക്കെയായി എത്ര മനോഹരമായിരുന്നു നമ്മുടെയൊക്കെ കുട്ടിക്കാലം. ഓന്ത് നിറം മാറുന്നതും ചെറിയ പരൽമീനുകൾ നീന്തി തുടിക്കുന്നതും തുടങ്ങി ചെറിയ ജീവികളെയും പ്രാണികളെയുമൊക്കെ പിൻതുടർന്ന് വാതോരാതെ സംശയങ്ങളും ചോദിച്ച് വീണ്ടും അവക്ക് പിന്നാലെ തന്നെ ഓടിയും ചാടിയും മനസ്സിലെ സംശയങ്ങളൊക്കെ തീർത്തിട്ടുണ്ടാവും നമ്മൾ.
എന്നാൽ, ഇന്ന് കുട്ടികളൊരുപക്ഷെ ഇതൊന്നും കണ്ടിട്ട് പോലുമുണ്ടാവില്ല. അവർക്കിപ്പോഴും പുൽചാടിയും ഓന്തും തവളകളുമൊക്കെ സ്ക്രീനിൽ കാണുന്ന അത്ഭുതങ്ങളായിരിക്കും. ചെറിയ ജീവികളെക്കുറിച്ചും പ്രാണികളെക്കുറിച്ചുമുള്ള കുട്ടികളുടെ സംശയങ്ങളൊക്കെ ദൂരീകരിക്കാനായി കുട്ടികൾക്കായി റോബോട്ട് സൂ ഒരുക്കിയിരിക്കുകയാണ് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ. ചെറു ജീവികളുടെ റോബോട്ടുകളിലൂടെ ഇവയുടെ രീതികളും, സവിശേഷതകളുമൊക്കെ കുട്ടികൾക്ക് മനസ്സിലാക്കാനാവുന്ന വിധത്തിലാണ് ഇവിടെ ഒരുക്കുന്നത്. മെയ് 11 മുതൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന വായനോത്സവത്തിലെത്തുന്നവർക്ക് ഈ റോബോട്ട് സൂ നേരിട്ടനുഭവിക്കാം.
വായോത്സവത്തിൽ ആദ്യമായാണ് റോബോട്ട് സൂ ഉൾപ്പെടുത്തുന്നത്. കുട്ടികൾക്ക് പഠിക്കാൻ എട്ട് അനിമൽ റോബോട്ടുകളും 15 ഓളം പരിപാടികളും സൂവിൽ ഒരുക്കിയിട്ടുണ്ട്. ചെറിയ ജീവികളെ വലിയ റോബോട്ടിക് ജീവികളായി അവതരിപ്പിക്കുന്നതാണ് റോബോട്ട് മൃഗശാലയുടെ പ്രധാന പ്രദർശനങ്ങളിലൊന്ന്. ഏറ്റവും ചെറിയ ജീവിവർഗങ്ങളെ പോലും ആകർഷകവും യഥാർത്ഥ ജീവിത സവിശേഷതകളോടെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.
വവ്വാലുകൾ അവയുടെ ഇരയെ എങ്ങനെ കണ്ടെത്തുന്നുവെന്നും അവയുടെ ചലിക്കുന്ന റോബോട്ടിലൂടെ കാണാനും മനസ്സിലാക്കാനുമാകും. ഭൂമിയിലെ തങ്ങളുടെ സഹജീവികളെ സ്നേഹിക്കാനും മനസ്സിലാക്കാനും കുട്ടികളെ സഹായിക്കാനാണ് ഇത്തരം പ്രദർശനങ്ങളൊരുക്കുന്നത്. യഥാർത്ഥ ജീവികളുടെ ശരീരഘടന, പരിസ്ഥിതി, വലിപ്പം എന്നിവ അറിയാനും അവയുടെ യന്ത്രവൽകൃത എതിരാളികളുമായി താരതമ്യം ചെയ്യുന്നതിലൂടെ മൃഗങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നറിയാനും ജിജ്ഞാസയുള്ള കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനുമാണ് റോബോട്ട് മൃഗശാല ഒരുക്കുന്നത്. കളിതമാശയിലൂടെ ചുറ്റുമുള്ള ജീവജാലങ്ങളെ കുറിച്ചറിയാൻ സഹായിക്കുന്നതുമാണ് റോബോട്ട് സൂ.
ലണ്ടനിലെ മാർഷൽ എഡിഷൻസ് വിഭാവനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും രൂപകൽപന ചെയ്യുകയും ചെയ്ത ദി റോബോട്ട് സൂ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രദർശനം. എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന യന്ത്രഭാഗങ്ങളും ഗാഡ്ജെറ്റുകളും ഉപയോഗിച്ച് മൃഗങ്ങളുടെയും പ്രാണികളുടെയും ജീവിത സംവിധാനങ്ങളും ശരീരഘടനയും കൊച്ചുകുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 'ക്രിയേറ്റിവിറ്റി സൃഷ്ടിക്കുക' എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്ററിൽ 22 വരെയാണ് റീഡിങ് ഫെസ്റ്റിവൽ നടക്കുക. ഷാർജ ബുക്ക് അതോറിറ്റി നടത്തുന്ന പതിമൂന്നാമത് റീഡിംഗ് ഫെസ്റ്റിവലാണ് ഇത്തവണത്തേത്. ആദ്യമായാണ് ഇത്ര ദൈർഘ്യർമേറിയ വായനോത്സവം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.