യു.എ.ഇയിൽ അർബുദ ശസ്ത്രക്രിയക്ക് റോബോട്ടിക് സൈബർ നൈഫ് സാങ്കേതിക വിദ്യ
text_fieldsദുബൈ: അർബുദ ശസ്ത്രക്രിയക്ക് റോബോട്ടിക് സൈബർ നൈഫ് എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് യു.എ.ഇയിൽ തുടക്കമായി. ദുബൈ അൽബർഷ സയൻസ് പാർക്കിലെ ന്യൂറോ സ്പൈനൽ ആശുപത്രിയിൽ ആരംഭിച്ച കാൻസർ ചികിത്സ കേന്ദ്രത്തിലാണ് യു.എ.ഇയിൽ ആദ്യമായി റോബോട്ടിക് സൈബർ നൈഫ് എന്ന നൂതന ശസ്ത്രക്രിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നത്.
ശരീരത്തിനകത്ത് ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ഭാഗങ്ങളിലെ മുഴകൾ റേഡിയേഷൻ തെറപ്പിയിലൂടെ നീക്കം ചെയ്യാനാണ് റോബോട്ടിക് സൈബർ നൈഫ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുകയെന്ന് ആശുപത്രി സ്ഥാപകനും ചെയർമാനുമായ പ്രഫ. അബ്ദുൽകരീം മസാദി പറഞ്ഞു. ഏറ്റവും പുതിയ ആശുപത്രി സാങ്കേതികത ലഭ്യമാക്കിക്കൊണ്ട് ഗൾഫ് മേഖലയിലെയും യു.എ.ഇയിലെയും മെഡിക്കൽ വ്യവസായത്തിൽ സുപ്രധാന ദൗത്യം നിർവഹിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വേദനയില്ലാതെ ശസ്ത്രക്രിയ നടത്താമെന്നതും ഓപറേഷൻ പൂർത്തിയാക്കിയ അന്നേ ദിവസംതന്നെ രോഗിക്ക് ആശുപത്രി വിടാൻ സൗകര്യമുണ്ടാകും എന്നതെല്ലാം പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ആശുപത്രിയിലെ കാൻസർരോഗ വിദഗ്ധ ഡോ. സലാം യാനക് പറഞ്ഞു. തല, കഴുത്ത്, നട്ടെല്ല്, വൃക്കകൾ, കരൾ എന്നിവയിൽ അർബുദത്തെ തുടർന്നുണ്ടാകുന്ന മുഴകൾ പ്രയാസമില്ലാതെ റോബോട്ടിക് സൈബർ നൈഫ് റേഡിയേഷൻ വഴി സുഖപ്പെടുത്താം.
നിലവിലുള്ള പിന്തുടരുന്ന കാൻസർ ചികിൽസക്ക് വേണ്ടിവരുന്ന ചെലവ് തന്നെയാണ് പുതിയ സാങ്കിതകവിദ്യയിലെ ചികിത്സക്കും വേണ്ടിവരുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. ആശുപത്രി സി.ഒ.ഒ ഡാന മസ്ദിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.