കടലാഴങ്ങൾ ശുചീകരിക്കാൻ റോബോട്ടുകൾ
text_fieldsദുബൈ: കടലിന്റെയും സമുദ്ര വിഭവങ്ങളുടെയും സംരക്ഷണത്തിന് സഹായകമാകുന്ന റോബോട്ട് വികസിപ്പിച്ച് യു.എ.ഇ ഖലീഫ യൂനിവേഴ്സിറ്റി. യു.എസിലെ സ്റ്റാൻഫഡ് സർവകലാശാലയുമായി സഹകരിച്ചാണ് സമുദ്രാന്തർഭാഗങ്ങളിൽ ഇറങ്ങിച്ചെന്ന് ശുചീകരിക്കാനും പവിഴപ്പുറ്റുകളുടെയും മറ്റും ആരോഗ്യാവസ്ഥ പരിശോധിക്കാനും സാധിക്കുന്ന റോബോട്ട് വികസിപ്പിച്ചത്. മനുഷ്യന് എത്തിപ്പെടാൻ കഴിയാത്ത ഭാഗങ്ങളിലേക്ക് പ്രതിസന്ധികളെ വകഞ്ഞുമാറ്റി കടന്നുചെല്ലാനാകുമെന്നതാണ് റോബോട്ടിന്റെ സവിശേഷത. സമുദ്രത്തിലെ എണ്ണക്കിണറുകളിൽ സുരക്ഷാ പരിശോധനക്കും ഇതിനെ ഉപയോഗപ്പെടുത്താനാകും.
യൂനിവേഴ്സിറ്റിയിലെ റോബോട്ടിക് പൂളിൽ തിരമാലകളും ശക്തമായ ഒഴുക്കും കഠിനമായ സാഹചര്യങ്ങളും കൃത്രിമമായി സൃഷ്ടിച്ചാണ് റോബോട്ടിന്റെ പരീക്ഷണം നടത്തിയത്. റോബോട്ടുകളും റോബോട്ടിക് മുങ്ങിക്കപ്പലുകളും അബൂദബിയിൽ നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സംവിധാനം വികസിപ്പിച്ചത്. ആദ്യമായാണ് റോബോട്ടിനെ പശ്ചിമേഷ്യയിൽ പരീക്ഷണം നടത്തുന്നത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള റോബോട്ട് പരീക്ഷണഘട്ടത്തിൽ വെള്ളത്തിനടിയിൽ പവിഴപ്പുറ്റുകളിൽ തങ്ങിനിന്ന പ്ലാസ്റ്റിക് പുറത്തെടുത്തു. റോബോട്ടിനെ കരയിൽനിന്ന് ഒരു സംഘമാണ് നിയന്ത്രിച്ചത്. സമുദ്രാന്തർഭാഗത്തെ പര്യവേക്ഷണങ്ങൾക്ക് റോബോട്ടുകളെ ഉപയോഗിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സ്റ്റാൻഫഡ് റോബോട്ടിക്സ് ലാബ് ഡയറക്ടറും ഈ രംഗത്തെ വിദഗ്ധനുമായ പ്രഫ. ഉസാമ ഖാതിബ് പറഞ്ഞു. ഏഴു വർഷം മുമ്പ് വെള്ളത്തിനടിയിലെ ചരിത്രശേഷിപ്പുകളും മറ്റു കണ്ടെത്തുന്നതിനായി ഇദ്ദേഹം ഓഷ്യൻ വൺ റോബോട്ട് വികസിപ്പിച്ചിരുന്നു. മെഡിറ്ററേനിയൻ കടലിലെ 1000 മീറ്റർ താഴ്ചയിൽനിന്ന് ആർക്കിയോളജിക്കൽ ശേഷിപ്പുകൾ കണ്ടെടുക്കാൻ ഇത് സഹായിക്കുകയും ചെയ്തു. ഇതിന് സമാനമാണ് പുതിയ റോബോട്ടും രൂപപ്പെടുത്തിയിട്ടുള്ളത്.
സമുദ്രത്തിന് അടിയിൽനിന്ന് ചിത്രങ്ങൾ പകർത്തുന്ന റോബോട്ടുകൾ നിരവധിയുണ്ടെങ്കിലും ശുചീകരണത്തിന് സഹായിക്കുന്നത് ആദ്യമായാണ് വികസിപ്പിച്ചിട്ടുള്ളത്. മനുഷ്യന്റെ കരങ്ങൾപോലെയുള്ള റോബോട്ടിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് മാലിന്യങ്ങൾ നീക്കംചെയ്യുന്നത്. കൂടുതൽ മികച്ച ഉപയോഗം സാധ്യമാകുന്ന രീതിയിൽ റോബോട്ടിനെ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അബൂദബിയിലെ ഗവേഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.