ഗിന്നസിൽ 'കൂടുകൂട്ടി' റോഷ്നയുടെ കാർട്ടൂൺ സ്ട്രിപ്പ്
text_fieldsപക്ഷികൾ കൂടുകൂട്ടുന്നത് ശ്രദ്ധിച്ചിട്ടില്ലേ. നാടുമുഴുവൻ ചുറ്റിക്കറങ്ങി ശേഖരിക്കുന്ന ചുള്ളിക്കമ്പുകൾ ചേർത്തുവെച്ച് അവർ തയാറാക്കുന്ന കൂടുകൾക്ക് ചന്തമൊന്ന് വേറെ തന്നെയാണ്. ദുബൈ േഗ്ലാബൽ വില്ലേജിലെ ആർട്ട് ഗാലറിയിലിരുന്ന് എം. റോഷ്ന എന്ന 19കാരിയും ഒരു 'കൂടുകൂട്ടു'കയായിരുന്നു. ചുള്ളിക്കമ്പുകൾക്ക് പകരം 498 പേപ്പറുകൾ ചേർത്തുവെച്ചപ്പോൾ കൂടിന് പകരം രൂപം കൊണ്ടത് ലോകത്തിലെ ഏറ്റവും വലിയ കാർട്ടൂൺ സ്ട്രിപ്പ്. ലോകം സംഗമിക്കുന്ന ആഗോള ഗ്രാമത്തിലെ നൂറോളം പവലിയനുകളുകളുടെയും കാരിക്കേച്ചർ വരച്ച് ചേർത്തൊട്ടിച്ച് ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ മിടുക്കി. േഗ്ലാബൽ വില്ലേജ് അവസാനിച്ചിട്ട് രണ്ട് മാസമായെങ്കിലും ശനിയാഴ്ചയാണ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ച വാർത്തയെത്തുന്നത്.
കാർട്ടൂണിസ്റ്റായ പിതാവ് എം. ദിലീഫിെൻറ േഗ്ലാബൽ വില്ലേജിലെ ആർട്ട് ഗാലറിയിൽ ചിത്രം വരക്കാൻ എത്തിയപ്പോഴാണ് റോഷ്നയുടെ തലയിൽ പുതിയ ഐഡിയ ഉദിച്ചത്. േഗ്ലാബൽ വില്ലേജിെൻറ എൻട്രൻസ് മുതൽ എല്ലാ സ്റ്റാളുകളും പവലിയനും ഓരോ പേപ്പറുകളിലായി വരക്കുകയായിരുന്നു. ദിവസവും 12 മണിക്കൂർ വര. ഇങ്ങനെ 20 ദിവസങ്ങൾ. 300 ജി.എസ്.എം കാർട്ട് പേപ്പറും 500 കാലിഗ്രഫി പേനകളും ഇതിനുപയോഗിച്ചു. എല്ലാം ചേർത്തൊട്ടിച്ചപ്പോൾ 404 മീറ്റർ നീളം. പാകിസ്താനി പെൺകുട്ടി ഉനൈസ അലി ബാർലെസിെൻറ 350 മീറ്റർ എന്ന റെക്കോഡ് അങ്ങിനെ മറികടന്നു.
ഇതിനിടയിൽ പിതാവിനൊപ്പം ലൈവ് കാരിക്കേച്ചറും വരച്ച് നൽകിയിരുന്നു. ദിവസവും 15 പേരുടെ ചിത്രമെങ്കിലും വരച്ചിരുന്നു.കോഴിക്കോട് എം.ഇ.എസ് കോളജിലെ ബിരുദ വിദ്യാർഥിനിയായ റോഷ്ന ഗിന്നസ് റെക്കോഡിനായി ശ്രമിക്കുന്നത്. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ മത്സരിച്ച ഉമ്മർ മാസ്റ്ററുടെ കൂറ്റൻ കാരിക്കേച്ചർ വരച്ചിരുന്നു. 12 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള പോസ്റ്റർ അന്ന് ചർച്ചയായിരുന്നു.
പിതാവിെൻറ വഴിയേ
യു.എ.ഇയിലെ അറിയപ്പെടുന്ന കലാകാരനാണ് പിതാവ് കോഴിക്കോട് കാരശേരി ചക്കുങ്കൽ എം. ദിലീഫ്. മുൻപ് രണ്ട് തവണ ഗിന്നസ് റെക്കോഡിൽ ഇടംനേടിയിട്ടുണ്ട്. 2016ൽ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിൻറൺ റാക്കറ്റിെൻറ ഇൻസ്റ്റലേഷൻ തയാറാക്കിയിരുന്നു. 15 മീറ്റർ ഉയരത്തിൽ കോഴിക്കോട്ട് നിർമിച്ച ഇൻസ്റ്റലേഷൻ ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷം ദുബൈയിൽ ലോകത്തിലെ ഏറ്റവും വലിയ മാർക്കർപെൻ നിർമിച്ചും റെക്കോഡ് ബുക്കിൽ കയറി. മൂന്ന് മീറ്റർ നീളവും 13 ഇഞ്ച് വണ്ണവുമുണ്ടായിരുന്നു.
എല്ലാ വർഷവും േഗ്ലാബൽ വില്ലേജിൽ ആർട്ട് ഗാലറിയുമായി എത്താറുണ്ട്. ദുബൈയിൽ 'ദിലീഫ് ആർട്ട് ഗാലറി' നടത്തുന്ന അദ്ദേഹത്തിെൻറ വരകൾ കണ്ടാണ് ഏഴാം ക്ലാസ് മുതൽ റോഷ്നയും വരക്കാൻ തുടങ്ങിയത്. 25ഓളം കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്ന ആർട്ട് അധ്യാപിക കൂടിയാണ് ഈ വിദ്യാർഥി. റോചാർട്ട് (ROCHART) എന്ന പേരിൽ യൂ ട്യൂബ് ചാനലുമുണ്ട്. മാതാവ് സുബൈദ. രഹ്ന, റന, റയ എന്നിവരാണ് കുഞ്ഞനുജത്തിമാർ. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.