37.4 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിക്ക് ആർ.ടി.എ അംഗീകാരം
text_fieldsദുബൈ: ശൈഖ് സായിദ് റോഡിനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും ഇടയിൽ ഗതാഗതം കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിടുന്ന വൻ റോഡ് വികസനപദ്ധതിക്ക് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അംഗീകാരം നൽകി. ഗർന് അൽ സബ്ക സ്ട്രീറ്റ്-ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷൻ വികസനത്തിനാണ് ആർ.ടി.എ കരാർ നൽകിയത്.
37.4 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ രണ്ടു വരിയുള്ള നാലു പാലങ്ങൾ നിർമിക്കും. പദ്ധതി പൂർത്തിയാവുന്നതോടെ ഷാർജയിലേക്കുള്ള യാത്ര സമയം 40 ശതമാനം കുറയും. അതോടൊപ്പം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജബൽ അലി തുറമുഖദിശയിലേക്ക് പോകുന്ന അൽ യലായിസ് റോഡിലേക്കുള്ള യാത്ര സമയം 70 ശതമാനം വരെയും കുറയും. ഗർന് അൽ സബ്ക സ്ട്രീറ്റ് ഇടനാഴി വികസന സംരംഭത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു. നാല് പാലങ്ങളിലായി മണിക്കൂറിൽ 17,600 വാഹനങ്ങൾക്ക് കടന്ന്പോകാൻ കഴിയും.
അൽ സായൽ സ്ട്രീറ്റ്, ഗർന് അൽ സബ്ക സ്ട്രീറ്റ് ജങ്ഷനിലാണ് 960 മീറ്റർ നീളമുള്ള ആദ്യത്തെ പാലം. രണ്ട് വരിയുള്ള ഈ പാലത്തിലൂടെ രണ്ട് ദിശയിലേക്കും മണിക്കൂറിൽ 8,000 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. തിരക്കേറിയ ശൈഖ് സായിദ് റോഡിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും സുഗമമായ ട്രാഫിക്കിന് ഇതു വഴിയൊരുക്കും. ഗർന് അൽ സബ്ക സ്ട്രീറ്റിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് അൽ കുസൈസിലേക്കും ഷാർജയിലേക്കും വടക്കോട്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും പോകുന്ന വാഹനങ്ങളുടെ യാത്ര സുഖകരമാക്കുന്നതിനായി 660 മീറ്റർ നീളമുള്ള പാലമാണ് രണ്ടാമത്തേത്. ഇതു വഴി മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് സഞ്ചരിക്കാം. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് വടക്ക് ജബൽ അലി തുറമുഖത്തിന്റെ ദിശയിലേക്കുള്ള അൽ യലായിസ് റോഡിലേക്കെത്തുന്ന വാഹനത്തിരക്ക് ഒഴിവാക്കുന്നതിനാണ് 700 മീറ്റർ നീളമുള്ള മൂന്നാമത്തെ പാലം നിർമിക്കുന്നത്.
680 മീറ്റർ നീളമുള്ള നാലാമത്തെ പാലം ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ദുബൈ പ്രൊഡക്ഷൻ സിറ്റിയിലേക്കുള്ള സർവിസ് റോഡിലെ ഗതാഗതത്തിരക്ക് ഇല്ലാതാക്കാൻ സഹായിക്കും. ഈ പാലത്തിലൂടെയും മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നുപോകാം. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായുള്ള സർവിസ് റോഡിലെ കവലകൾ, തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ, മഴവെള്ളം ഒഴുകിപ്പോകുന്നതിനായുള്ള ഓവുചാലുകൾ, ജലസേചന സംവിധാനങ്ങൾ എന്നിവയുടെ വികസനത്തിനായുള്ള ഏഴു കിലോമീറ്റർ റോഡ് വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.