സ്മാർടായി ആർ.ടി.എ, ഹിറ്റായി ഡിജിറ്റൽ ചാനലുകൾ
text_fieldsദുബൈ: അതിവേഗം വളരുന്ന ആർ.ടി.എയുടെ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ കഴിഞ്ഞ വർഷം വൻ നേട്ടം കൊയ്തു. വിവിധ ഡിജിറ്റൽ ചാനലുകൾ 2022ൽ മാത്രം 81.4കോടി പേർ ഉപയോഗിച്ചതായും ഇതുവഴി 350കോടി ദിർഹം വരുമാനമുണ്ടാക്കിയതായും അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ആകെ ഇടപാടുകളിൽ മുൻ വർഷത്തേക്കാൾ 20ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതോടൊപ്പം ഡിജിറ്റൽ സേവനങ്ങളുടെ ഉപയോക്താക്കളിൽ 30ശതമാനം വളർച്ചയും കാണിക്കുന്നുണ്ട്. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷത്തിൽ അസാധാരണമായ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് ഡയറക്ടേർസ് ചെയർമാനുമായ മത്വാർ അൽ തായർ പറഞ്ഞു.
67.6കോടി ഉപഭോക്താക്കളാണ് 2021ൽ ആർ.ടി.എയുടെ ഡിജിറ്റൽ സേവനങ്ങൾക്കുണ്ടായിരുന്നത്. ഇതാണ് കഴിഞ്ഞ വർഷത്തിൽ കുത്തനെ കൂടിയിരിക്കുന്നത്. വരുമാനത്തിലും 10ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വിവിധ ഡിജിറ്റൽ സേവനങ്ങളുടെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 30ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ആപ്ലിക്കേഷനുകൾ വഴിയുള്ള ഇടപാടുകൾ 370കോടിയായാണ് വർധിച്ചത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 197ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.
ഡിജിറ്റൽ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ആഗോള അടിസ്ഥാനത്തിൽ തന്നെ മുൻപന്തിയിൽ നിൽകുന്നതാണെന്നും ലോകത്തെ ജീവിക്കാൻ ഏറ്റവും സൗകര്യപ്രദമായ നഗരമാക്കി ദുബൈയെ മാറ്റിത്തീർക്കുന്നതിനുള്ള ലക്ഷ്യത്തെ സാക്ഷാൽകരിക്കുന്നതാണെന്നും മത്വാർ അൽ തായർ പറഞ്ഞു. ഗതാഗത മേഖലയിൽ ഏറ്റവും സ്മാർട് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി എമിറേറ്റിനെ സമ്പൂർണമായും ഡിജിറ്റൽവൽകരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഭരണകർത്താക്കളുടെ ലക്ഷ്യം കൈവരിക്കുന്നതിന് പരിശ്രമിക്കുമെന്നും അദ്ദേഹം കൂടിച്ചേർത്തു.ആർ.ടി.എയുടെ വിവിധ സേവനങ്ങളുടെ ആപ്പുകളും മറ്റു ഡിജിറ്റൽ സംവിധാങ്ങളും എളുപ്പത്തിലും വേഗത്തിലും ഉപയോക്താക്കൾക്ക് സേവനം ലഭിക്കുന്നതിന് സഹായിക്കുന്നതാണ്.
വാഹനങ്ങൾ വാങ്ങുന്നതിനും വിലക്കുന്നതിനും സഹായിക്കുന്ന ആപ്ലിക്കേഷൻ അടക്കം വിവിധ പുതിയ സേവനങ്ങൾ കഴിഞ്ഞ വർഷം പുതുതായി ആരംഭിക്കുകയും ചെയ്തിരുന്നു. 2018ൽ ആരംഭിച്ച നിർമിതബുദ്ധി ഉപയോഗിച്ചുള്ള മഹ്ബൂബ് ചാറ്റ്ബോട്ട് വഴിയാണ് നിരവധി സേവനങ്ങൾ ഉപയോക്താക്കൾക്ക് നിലവിൽ ലഭിക്കുന്നത്. സ്മാർട് ആപ്പ, ആർ.ടി.എയുടെ വെബ്സൈറ്റ്, വാട്സാപ്പ് എന്നിവ വഴി ഈ സേവനം ലഭ്യമാണ്. 2022ൽ മഹ്ബൂബ് വഴി 20ലക്ഷം സംഭാഷണങ്ങളാണ് നടന്നത്. വാട്സ്ആപ്പ് വഴി പാർക്കിങ് ഫീസ് അടക്കുന്ന ഇതിന്‍റെ സേവനമാണ് ഏറ്റവും ജനകീയമായിട്ടുള്ളത്. മറ്റു സേവനങ്ങളും ഇതുവഴി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.