മെട്രോയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർ.ടി.എ
text_fieldsദുബൈ: പഴക്കം ചെന്ന മെട്രോ ട്രെയിനുകളുടെയും ട്രാക്കുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 189 കിലോമീറ്റർ നീളത്തിൽ റെഡ്, ഗ്രീൻ ലൈനുകളുടെ ഗ്രൈൻഡിങ്ങും 79 ട്രെയിനുകളുടെ അറ്റകുറ്റപ്പണികളുമാണ് പൂർത്തിയായത്. മെട്രോ ആസ്തികളുടെ സുരക്ഷയും സുസ്ഥിരതയും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടിയെന്ന് ആർ.ടി.എ അറിയിച്ചു.
ഉപയോഗവും ഘർഷണവും മൂലം ട്രാക്കുകളിലുണ്ടാവുന്ന തേയ്മാനം പരിഹരിക്കുന്നതിന് ഗ്രൈൻഡിങ് നടത്തുകയാണ് ചെയ്തത്. ഇതുവഴി റെയിൽ പാളങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനാവും. 16 ഗ്രൈൻഡിങ് സ്റ്റോണുകളുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു പ്രവൃത്തികൾ. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെ ഇതിനായി നിയോഗിച്ചിരുന്നു. റെയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ദീർഘകാല സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനൊപ്പം ചെലവ് കുറക്കുകയെന്നതും ഇതുവഴി ലക്ഷ്യമിടുന്നു.
ദുബൈ മെട്രോ ആരംഭം മുതൽ 15 ലക്ഷം കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയ 79 ട്രെയിനുകളിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. തേയ്മാനം സംഭവിച്ച യന്ത്രഭാഗങ്ങൾ ഉൾപ്പെടെ മാറ്റിസ്ഥാപിക്കുകയും കേടുപാടുകൾ തീർക്കുകയുമാണ് ചെയ്തത്. ഇത്തരം സമഗ്രമായ അറ്റകുറ്റപ്പണികൾ ട്രെയിനുകളുടെ ലഭ്യതയും കൃത്യനിഷ്ഠയും 99.7 ശതമാനമായി ഉയർത്താൻ സഹായിക്കുന്നതായി ആർ.ടി.എ റെയിൽ ഏജൻസിയുടെ റെയിൽ മെയിന്റനൻസ് ഡയറക്ടർ ഹസൻ അൽ മുതവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.