എക്സിറ്റ് ഇ311 വികസനം പൂർത്തീകരിച്ച് ആർ.ടി.എ
text_fieldsദുബൈ: റബാത്ത് സ്ട്രീറ്റിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ ലക്ഷ്യമിട്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (ഇ311) നടത്തിയ വികസന പ്രവൃത്തികൾ പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 600 മീറ്റർ നീളത്തിലാണ് റോഡ് വീതി കൂട്ടുന്ന പ്രവൃത്തി നടന്നത്.
രണ്ട് വരിയായിരുന്ന പാതയിൽ ഒരുവരികൂടി പുതുതായി നിർമിച്ചതോടെ വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി 50 ശതമാനത്തോളം വർധിച്ചു. നേരത്തേ 3000 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടായിരുന്ന റോഡിന് വികസന പ്രവർത്തനങ്ങൾ പൂർത്തിയായതോടെ മണിക്കൂറിൽ 4500 വാഹനങ്ങളെ ഉൾക്കൊള്ളാനാവും. ഇതോടെ റബാത്ത് സ്ട്രീറ്റിലേക്കുള്ള യാത്ര സമയം 60 ശതമാനം കുറയുകയും ചെയ്യും.
അതായത് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് റബാത്ത് സ്ട്രീറ്റിലേക്കുള്ള ബിസിനസ് ബേ ക്രോസിങിലേക്കുള്ള യാത്രാ സമയം 10 മിനിറ്റിൽനിന്ന് നാല് മിനിറ്റായി കുറഞ്ഞു. എമിറേറ്റിലെ ജനസംഖ്യ വർധനക്കും നഗര വികസനത്തിനും അനുസരിച്ച് റോഡ് ശൃംഖലകളുടെ ശേഷി വർധിപ്പിക്കുന്നതിനും ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായാണ് റോഡ് വികസന പ്രവൃത്തികൾ. എമിറേറ്റിലുടനീളമുള്ള 45 മേഖലകൾ ഉൾക്കൊള്ളുന്നതാണ് വികസന പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.