ഉമർ ബിൻ അൽ ഖത്താബ്, ആൽ മക്തൂം സ്ട്രീറ്റ് ജങ്ഷൻ വിപുലീകരിച്ചു
text_fieldsദുബൈ: ഉമർ ബിൻ അൽഖത്താബ്, ആൽ മക്തൂം സ്ട്രീറ്റ് ജങ്ഷനിൽ 500 മീറ്റർ നീളത്തിൽ നടത്തിവന്ന വിപുലീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കായി പ്രത്യേക ലൈൻ, അൽ ഖലീജ് സ്ട്രീറ്റിൽനിന്ന് ഉമർ ബിൻ അൽഖത്താബ് സ്ട്രീറ്റ് വഴി ക്ലോക്ക് ടവർ ഭാഗത്തേക്ക് നീങ്ങുന്ന വാഹനങ്ങൾക്കായുള്ള ലൈൻ എന്നിവ ഉൾപ്പെടുന്നതാണ് നവീകരണം.
കൂടാതെ അൽ ഖലീജ് സ്ട്രീറ്റിൽ നിന്ന് ഉമർ ബിൻ അൽഖത്താബ് സ്ട്രീറ്റിലേക്കും നായിഫ് സ്ട്രീറ്റിലേക്കും പോകുന്ന വാഹനങ്ങൾ ഉൾക്കൊള്ളാനുള്ള റോഡിന്റെ ശേഷിയും ഉയർത്തി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം കൂടുതൽ സുഗമമാകും. ഉമർ ബിൻ അൽഖത്താബ് സ്ട്രീറ്റിലെ നവീകരണം ചുറ്റുമുള്ള പ്രദേശങ്ങളിലെ വാഹന ഉപഭോക്താക്കൾക്കും സന്ദർശകർക്കും ഗുണകരമാവും. പുതിയ നവീകരണത്തിലൂടെ ജങ്ഷന്റെ ശേഷി 20 ശതമാനത്തിലധികം വർധിപ്പിച്ചിട്ടുണ്ട്.
വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയങ്ങളിൽ ഇതുവഴി കടന്നുപോകാനുള്ള കാലതാമസം 160 സെക്കൻഡിൽനിന്ന് 70 സെക്കൻഡായി 47 ശതമാനം കുറക്കാനാവുമെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കി.
ഉയർന്ന അന്താരാഷ്ട്ര നിലവാരം അനുസരിച്ചാണ് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയിരിക്കുന്നത്. ഡ്രൈവർമാർ, കാൽനടക്കാർ എന്നിവരുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നും ആർ.ടി.എ അറിയിച്ചു. തടസ്സ രഹിതവും സുസ്ഥിരവുമായ ഗതാഗതം ഉറപ്പാക്കുകയും പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും തിരക്കും വാഹനങ്ങളുടെ നീണ്ട കാത്തിരിപ്പും കുറക്കുകയും ചെയ്തു. ഉയർന്ന ഗതാഗത സാന്ദ്രതയുള്ള പ്രധാന റോഡുകളിൽ അതിവേഗത്തിലുള്ള ഗതാഗത പരിഹാരങ്ങൾ നടപ്പാക്കാൻ ആർ.ടി.എ പ്രതിജ്ഞബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.