ദുബൈയിൽ നാല് ഇടറോഡുകളുടെ പണി പൂർത്തിയാക്കി ആർ.ടി.എ
text_fieldsദുബൈ: എമിറേറ്റിലെ മർഗം, ലഹ്ബാബ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ ഇടറോഡുകളുടെ നിർമാണം പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഇതോടൊപ്പം വിവിധ റോഡുകളോട് അനുബന്ധിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതും പൂർത്തിയായി. ആകെ 35 കി.മീ നീളത്തിലാണ് പ്രവൃത്തി നടന്നത്.
ഇതിൽ 18 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമാണം. നഗരങ്ങളിൽ 17 കിലോമീറ്റർ നീളത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പണിയും പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ ലഹ്ബാബ്, അൽ ലിസൈലി എന്നിവിടങ്ങളിൽ അധിക റോഡുകളുടെ നിർമാണവും ആർ.ടി.എ ആരംഭിച്ചിട്ടുണ്ട്.
ജനസംഖ്യ വർധനക്കും റസിഡൻഷ്യൽ ഏരിയകളിലെ നഗരവികസനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായി ശൈഖ് ഹംദാന്റെയും നിർദേശങ്ങൾക്ക് കീഴിലാണ് റോഡുകളുടെ നിർമാണവും സൗന്ദര്യവത്കരണവുമെന്ന് ആർ.ടി.എ ചെയർമാൻ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.
മർഗാമിൽ സ്കൈ ഡൈവിന് സമീപം ദുബൈ-അൽഐൻ റോഡിനോട് ചേർന്ന് അഞ്ചു കിലോമീറ്റർ നീളത്തിലാണ് ഇടറോഡ് നിർമിച്ചിരിക്കുന്നത്. ഡ്രൈനേജ് നിർമാണം, തെരുവുവിളക്കുകൾ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും. പ്രദേശത്തെ 1100 കുടുംബങ്ങൾക്ക് ഇത് ഉപകരിക്കും.
ലഹ്ബാബിൽ നാലു കിലോമീറ്റർ നീളത്തിലായിരുന്നു റോഡ് നിർമാണം. ഒട്ടക റേസിങ് ട്രാക്കിന് സമീപത്തായി ദുബൈ-ഹത്ത റോഡിൽ രണ്ട് കിലോമീറ്റർ നീളത്തിൽ നിലവിലുള്ള തെരുവുകളിൽ വിളക്കുകൾ സ്ഥാപിക്കലും ഡ്രൈനേജ് നിർമാണവും ഉൾപ്പെടുന്ന വികസന പ്രവൃത്തി 3000 കുടുംബങ്ങൾക്ക് സഹായകമാവും.
ഏഴു കിലോമീറ്റർ നീളത്തിലാണ് അൽ ലിസൈലിൽ റോഡ് നിർമാണം പൂർത്തീകരിച്ചത്. ലാസ്റ്റ് എക്സിറ്റിന് സമീപം സീഹ് അസ്സലാമിലെ നിലവിലുള്ള നഗരങ്ങളിലാണ് വികസന പ്രവൃത്തി നടന്നത്. 2900 കുടുംബങ്ങൾ ഇത് ഉപകാരപ്പെടും. 6000 കുടുംബങ്ങൾക്ക് സഹായകമാവുന്ന രീതിയിൽ ഹത്തയിൽ രണ്ട് കിലോമീറ്ററിലാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.