സ്വീകാര്യമായ പൊതുഗതാഗതം; മുമ്പിൽ ദുബൈ
text_fieldsദുബൈ: ഏറ്റവും സ്വീകാര്യമായ പൊതുഗതാഗതം നൽകുന്ന നഗരങ്ങളിൽ ദുബൈ മുമ്പിൽ. ഇ-കൊമേഴ്സ് സൈറ്റായ പികോഡി നടത്തിയ പഠനത്തിലാണ് ആദ്യ പത്തിൽ ദുബൈ നഗരം ഇടംപിടിച്ചത്. സിംഗിൾ ടിക്കറ്റുകളുടെയും മാസ ടിക്കറ്റുകളുടെയും നിരക്ക് ഉൾപെടെ വിലയിരുത്തിയാണ് ഓരോ നഗരങ്ങളുടെയും പൊതുഗതാഗതത്തിന് മാർക്കിട്ടത്. ഏറ്റവും കുറഞ്ഞ നിരക്കിൽ മികച്ച പൊതുഗതാഗത സംവിധാനമൊരുക്കുന്ന നഗരങ്ങളിൽ ഒമ്പതാം സ്ഥാനത്ത് ദുബൈ എത്തി.
മെട്രോ, ബസ്, ട്രാം, മോണോറെയിൽ, ജലഗതാഗതം എന്നിവ ഉപയോഗിക്കാൻ ശരാശരി 350 ദിർഹമാണ് ഒരു മാസം ദുബൈയിൽ ഒരാൾക്ക് ചെലവാകുന്നത്. ബെർലിൻ, വാർസോ, സിംഗപ്പൂർ, ന്യൂയോർക്ക്, റോം തുടങ്ങിയവയാണ് പട്ടികയുടെ തലപ്പത്. ഷാർജയിലെ മാസത്തിലെ ശരാശരി ബസ് പാസ് 225 ദിർഹമാണ്. അബൂദബിയിൽ ഇത് 80 ദിർഹമും. എന്നാൽ, ഈ നഗരങ്ങളിൽ മെട്രോ, ട്രാം, മോണോറെയിൽ എന്നിവ ഇല്ല. നഗരവാസികളുടെ വരുമാനവും കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് തയാറാക്കിയത്.
കഴിഞ്ഞ വർഷം ദുബൈയിലെ പൊതുഗതാഗം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 35 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മെട്രോ, ട്രാം, ബസ്, ടാക്സി, ഷെയർ യാത്രകൾ (വാടക സ്മാർട് കാർ, ബസ് ഓൺ ഡിമാൻഡ്, ഇ ഹെയ്ൽ) എന്നിവ വഴി യാത്ര ചെയ്തവരുടെ കണക്കാണിത്. 2022ൽ ആകെ 62.1 കോടി യാത്രികരാണ് പൊതുഗതാഗം ഉപയോഗപ്പെടുത്തിയത്. ദിവസേശ ശരാശരി 17 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് മാർച്ചിലാണ്. എക്സ്പോ 2020യുടെ അവസാന മാസമായ മാർച്ചിൽ 6.2 കോടി യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. മെട്രോ ഉപയോഗത്തിൽ മൂന്ന് ശതമാനവും ജലഗതാഗതം ഒരു ശതമാനവും വളർച്ച നേടി.
കഴിഞ്ഞ വർഷം ആകെ യാത്രയുടെ 36 ശതമാനവും മെട്രോ വഴിയായിരുന്നു. 25 ശതമാനം പേർ ബസ് സർവീസ് ഉപയോഗപ്പെടുത്തിയപ്പോൾ ജലഗതാഗതം വഴി യാത്ര ചെയ്തത് രണ്ട് ശതമാനമാണ്. അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവ ഇതിൽ ഉൾപെടുന്നു. മാർച്ച് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് ഡിസംബറിലാണ്. 5.7 കോടി യാത്രക്കാരാണ് ഡിസംബറിൽ പൊതുഗതാഗം ഉപയോഗപ്പെടുത്തിയത്. ഖത്തർ ലോകകപ്പാണ് ഈ മാസം ഇത്രയധികം യാത്രക്കാർ വർധിക്കാൻ കാരണം. മറ്റ് മാസങ്ങളിൽ ശരാശരി 4.6 കോടി- 5.6 കോടി യാത്രക്കാർ പൊതുഗതാഗതം ഉപയോഗിച്ചു.
ടാക്സികളും ബസുകളും ഉൾപെട്ട പൊതുഗതാഗത വാഹനങ്ങൾ 2022ൽ 12.9 കോടി യാത്രകളാണ് നടത്തിയത്. ടാക്സികൾ മാത്രം 10 കോടിയിലേറെ യാത്ര നടത്തി. ഷെയർ വാഹനങ്ങൾ 1.8 കോടി ട്രിപ്പുകളും ബസുകൾ 40 ലക്ഷം ട്രിപ്പുകളും നടത്തി. 4.5 ലക്ഷം ട്രിപ്പാണ് ദുബൈ മെട്രോ നടത്തിയത്. യാത്രക്കാരുടെ എണ്ണത്തിൽ മാർച്ചാണ് മുന്നിലെങ്കിലും ട്രിപ്പുകളുടെ എണ്ണത്തിൽ ഒക്ടോബറാണ് മുൻപൻ. 1.19 കോടി ട്രിപ്പുകളാണ് ഈ മാസം നടന്നത്. മാർച്ചിൽ 1.18 കോടി ട്രിപ്പുകളും നടന്നു. മറ്റ് മാസങ്ങളിൽ 97 ലക്ഷത്തിനും 1.16 കോടിയുടെയും ഇടയിലാണ് ട്രിപ്പുകൾ. യാത്രക്കാരുടെ എണ്ണത്തിൽ മുമ്പൻ മെട്രോയാണ്. കഴിഞ്ഞ വർഷം റെഡ്, ഗ്രീൻ ലൈനുകളിലായി 22.5 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയത് ഇന്റർ ചേഞ്ച് സ്റ്റേഷനുകളായ ബുർജുമാനിലും യൂനിയനിലുമാണ്. ബുർജ്മാൻ വഴി 1.30 കോടി യാത്രക്കാർ സഞ്ചരിച്ചപ്പോൾ യൂനിയനിൽ 1.08 കോടി യാത്രക്കാരെത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.