ഇ-സ്കൂട്ടർ, ഇ-ബൈക്ക് നിയന്ത്രണത്തിന്സംവിധാനമൊരുക്കി ആർ.ടി.എ
text_fieldsദുബൈ: നഗരത്തിലെ ഇ-സ്കൂട്ടർ, ഇ-ബൈക്ക് സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സമഗ്ര സംവിധാനമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് വിവിധ സേവനദാതാക്കളുമായി സഹകരിച്ച് പദ്ധതി രൂപപ്പെടുത്തിയത്. ആർ.ടി.എയുടെ എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കി സംവിധാനം വികസിപ്പിച്ചത്. വ്യത്യസ്ത തരം ഗതാഗത സൗകര്യങ്ങളെ ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ നാല് ഇ-സ്കൂട്ടർ സേവനദാതാക്കളെയും ഒരു ഇ-ബൈക്ക് ഓപറേറ്റെറയുമാണ് പദ്ധതിയിൽ ചേർത്തിരിക്കുന്നത്. എമിറേറ്റിൽ 2500 ഇ-സ്കൂട്ടറുകളാണ് 22 മേഖലകളിലായി യാത്രക്കാർക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. ഇവയിൽ 11 മേഖലകൾ പുതുതായി ചേർക്കപ്പെട്ടവയുമാണ്. 1750 ഇ-ബൈക്കുകൾ ആകെ 28 പ്രദേശങ്ങളിൽ ലഭ്യമാണ്. ഇ-സ്കൂട്ടറുകളുടെയും ഇ-ബൈക്കുകളുടെയും വേഗപരിധി ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനും സംവിധാനത്തിലൂടെ സാധിക്കും. ഇതിലൂടെ മികച്ച സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങൾ കുറക്കാനും സാധിക്കും. വ്യക്തിഗത സഞ്ചാര സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നിരവധി സംവിധാനങ്ങൾ ആർ.ടി.എ ഒരുക്കിക്കൊണ്ടിരിക്കുന്നുണ്ട്. 2006 മുതൽ സൈക്കിൾ ട്രാക്കുകൾ പ്രത്യേകമായി നിർമിച്ചുതുടങ്ങിയത് ഇതിന്റെ ഭാഗമാണ്. ആദ്യഘട്ടത്തിൽ 9 കി.മീറ്റർ മാത്രമായിരുന്ന ട്രാക്കുകൾ കഴിഞ്ഞ വർഷം അവസാനത്തിൽ 544 കി. മീറ്ററായി വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.