ബസ് ഓപറേറ്റർമാർക്ക് ആർ.ടി.എ നിർദേശം; 'സ്കൂൾ യാത്ര സുരക്ഷിതമാകണം'
text_fieldsദുബൈ: പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ സ്കൂൾ ബസ് ഓപറേറ്റർമാരോട് എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ നിർദേശിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും ഏറ്റവും മികച്ച യാത്രക്ക് ആവശ്യമായ മുഴുവൻ സുരക്ഷാ സൗകര്യങ്ങളും ഒരുക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
എമിറേറ്റിലെ സ്കൂൾ ബസുകളുടെ പ്രവർത്തനം തുടർച്ചയായി എല്ലാ ദിവസവും എന്ന രീതിയിൽതന്നെ ആർ.ടി.എ നിരീക്ഷിക്കാറുണ്ട്. വിദ്യാർഥികളുടെ വീട്ടിൽനിന്ന് സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമാണെന്ന് ഉറപ്പുവരുത്തുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്.
സുരക്ഷിതവും വിജയകരവുമായ വിദ്യാഭ്യാസ സാഹചര്യം സൃഷ്ടിക്കുന്നതിന് ഇത് പ്രധാനമാണ്. ബസുകളിൽ സുരക്ഷക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിന് നിർദേശിച്ചിട്ടുണ്ട്. വേനലവധി അവസാനിക്കാനിരിക്കെ സ്കൂൾ അധികാരികളോടും ബസ് ഓപറേറ്റർമാരോടും കുട്ടികളുടെ ആരോഗ്യ, സുരക്ഷാ കാര്യങ്ങളിൽ ഏറ്റവും മികച്ച ശ്രദ്ധ നൽകാനാണ് അധികാരികൾ ആവശ്യപ്പെടുന്നത്.
നിലവിലുള്ള നിയമങ്ങളും നിർദേശങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്നത് ആർ.ടി.എ പരിശോധിക്കും. ഇതിനായി പ്രത്യേക വിദഗ്ധസംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. സ്കൂൾ ബസുകൾ എല്ലാം സാധാരണത്തേത് പോലെ പരിശോധനകൾക്ക് വിധേയമാക്കി അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
കുട്ടികൾ വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അതോടൊപ്പം നിശ്ചയിക്കപ്പെട്ടയാൾ വീടുകൾക്ക് സമീപം കുട്ടിയെ എത്തിക്കുകയും വേണം.
സ്കൂൾ ബസ് ഡ്രൈവർമാർ കർശനമായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് ഓപറേറ്റർമാർ നിർദേശം നൽകണമെന്നും ആർ.ടി.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് സ്കൂളുകൾക്ക് സമീപമുള്ള സ്ഥലങ്ങളിലും റോഡുകളിലും മറ്റു വാഹനങ്ങൾക്ക് തടസ്സമില്ലാതിരിക്കാൻ ശ്രദ്ധ വേണം.
സ്കൂൾ ബസുകളിലെ ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും കുട്ടികളെ സുരക്ഷിതമായും ശരിയായ രീതിയിലും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പരിശീലനം നൽകാൻ ആർ.ടി.എ നിഷ്കർശിച്ചിട്ടുണ്ട്.
ദിവസേനയുള്ള യാത്രകളിൽ ഡ്രൈവർമാരുടെ പ്രാഥമിക ഉത്തരവാദിത്തം കുട്ടികളുടെ സുരക്ഷയാണെന്നും ഇതുവഴി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഡ്രൈവർമാരുടെ പരിശീലനം ആർ.ടി.എയുടെ മേൽനോട്ടത്തിൽ ഓപറേറ്റർമാരാണ് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.