ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ ആർ.ടി.എയുടെ ലാബ്
text_fieldsദുബൈ: ഡിജിറ്റൽ ചാനലുകൾ വഴി നൽകുന്ന ഉപഭോക്തൃ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് ‘ഡിജിറ്റൽ എക്സ്പീരിയൻസ് ലാബു’മായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
ദുബൈ സർക്കാറിന് കീഴിലെ സ്ഥാപനങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾ വഴി നൽകുന്ന സേവനങ്ങൾ ഉപഭോക്താക്കളുടെ കാഴ്ചപ്പാടിനനുസരിച്ച് മാറ്റാനും പുതുക്കാനുമാണ് സംവിധാനം ഏർപ്പെടുത്തിയത്. ഉപഭോക്താക്കളുടെ സംതൃപ്തി വർധിപ്പിക്കുകയും മികച്ച സേവനം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമിടുന്നത്. സേവനങ്ങൾ വിലയിരുത്തുന്നതിന് ഉപഭോക്താക്കൾക്ക് ടെസ്റ്റ് റൂം സംവിധാനവും ഇതിലൊരുക്കിയിട്ടുണ്ട്.
ലാബ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടിവ് ഡയറക്ടർമാരുടെ ചെയർമാനുമായ മത്വാർ അൽ തായർ, ജീവിക്കാൻ ഏറ്റവും മികച്ച നഗരമാക്കി ദുബൈയെ മാറ്റുകയെന്ന ഭരണാധികാരികളുടെ ലക്ഷ്യത്തിനനുസരിച്ച് രൂപപ്പെടുത്തിയതാണ് സംവിധാനമെന്ന് പറഞ്ഞു.
ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന സേവനങ്ങൾ നൽകാനാണ് ഇത്തരത്തിലുള്ള ആദ്യ ലാബ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലാബിൽ സജ്ജീകരിച്ച വിവിധ സോഫ്റ്റ്വെയർ, ഉപകരണങ്ങൾ എന്നിവയിലൂടെ ഓപറേറ്റർമാർക്ക് ആർ.ടി.എയുടെ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങളും പെരുമാറ്റവും മനസ്സിലാക്കാനും അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താനും സാധിക്കുമെന്നും ആർ.ടി.എ കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സർവിസ് സെക്ടർ സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ മുദറബ്ബ് പറഞ്ഞു. . പുറത്തെ ഉപഭോക്താക്കളെ മാത്രമല്ല, ജീവനക്കാരെയും പദ്ധതിയുടെ ഭാഗമാക്കുന്നുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.