ഹെവി വാഹന നിരീക്ഷണത്തിന് ആർ.ടി.എ-പൊലീസ് സംയുക്ത ടീം
text_fieldsദുബൈ: എമിറേറ്റിലെ ഹെവി വാഹനങ്ങൾ നിരീക്ഷിക്കുന്നതിനും സാങ്കേതിക നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി റോഡ് ഗതാഗത അതോറിറ്റിയും ദുബൈ പൊലീസിന്റെ ആസ്ഥാന കേന്ദ്രവും ചേർന്ന് പ്രത്യേക പട്രോളിങ് ടീം രൂപവത്കരിച്ചു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽഖൈൽ റോഡ്, റാസൽ ഖോർ റോഡ്, ആൽ മക്തൂം എയർപോർട്ട് റോഡ്, ദുബൈ -അൽഐൻ റോഡ് എന്നിങ്ങനെ ആറ് പ്രധാന റോഡുകളിലുടനീളം ഹെവി വാഹന പരിശോധന കാമ്പയ്നുകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഗതാഗത സുരക്ഷ നയത്തിന്റെ ഭാഗമായുള്ള അഞ്ചുവർഷ പദ്ധതി നടപ്പാക്കുന്നതിനായി ദുബൈ പൊലീസും ആർ.ടി.എയും തമ്മിലുള്ള സഹകരണത്തിന്റെ തുടർച്ചയാണ് പുതിയ നിരീക്ഷണ ടീമെന്ന് ദുബൈ പൊലീസ് ഓപറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡൻഡ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖെയ്ത്തി പറഞ്ഞു.
ഗതാഗത നിരീക്ഷണം, ബോധവത്കരണം, നിയമം നടപ്പാക്കൽ, റോഡ് -വാഹന എൻജിനീയറിങ്, വിവിധ സംവിധാനങ്ങളുടെ വികസനവും നിയന്ത്രണവും തുടങ്ങിയ നാല് കാര്യങ്ങളിലാണ് പുതിയ നയം ശ്രദ്ധകേന്ദ്രീകരിക്കുക.
റോഡ് സുരക്ഷ വർധിപ്പിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഹെവി വാഹനങ്ങളുടെ ശരിയായ പരിപാലനം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് സംയുക്ത പരിശോധന യൂനിറ്റുകൾ കരുത്തുപകരും. ഇതു വഴി ഗുരുതരമായ അപകടങ്ങൾ തടയുന്നതിനും ട്രക്ക് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ നീക്കങ്ങൾ സുരക്ഷിതമായി നിയന്ത്രിക്കുന്നതിനും സഹായിക്കുമെന്ന് അൽ ഖൈതി വ്യക്തക്കി.
സാങ്കേതിക, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് ദുബൈ പൊലീസ് പിഴ ഈടാക്കുമെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.
ടയറുകളുടെ സുരക്ഷ, വാഹനങ്ങളിൽ സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത, വെളിച്ചത്തിന്റെ കാര്യക്ഷമത, അമിത ഭാരം, പെർമിറ്റോ ലൈസൻസോ ഇല്ലാത്ത ഡ്രൈവിങ്, ചരക്കുകൾ പുറത്തേക്ക് അമിതമായി തള്ളിനിൽക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് സംയുക്ത ടീം പരിശോധിക്കുക.
നിലവിൽ 73,861 ഹെവി വാഹനങ്ങളാണ് ആർ.ടി.എയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്തിടെ ട്രക്കുകൾക്ക് 10 വിശ്രമ സ്റ്റോപ്പുകളുടെ നിർമാണം പൂർത്തീകരിച്ചിരുന്നു. അഡ്നോകുമായി ചേർന്ന് 16 വിശ്രമയിടങ്ങൾ നിർമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുമുണ്ട്.
ഓരോ വിശ്രമ സ്ഥലവം 5,000 മുതൽ 10,000 വരെ ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമിച്ചിരിക്കുന്നത്. ഇവിടെ 30 മുതൽ 45 വരെ ട്രക്കുകൾക്ക് പാർക്ക് ചെയ്യാം. പ്രാർഥനമുറി, ഇന്ധന റീഫില്ലിങ് സ്റ്റേഷനുകൾ, ഡ്രൈവർമാരുടെ വിശ്രമസ്ഥലം എന്നിവയും വിശ്രമ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.