റമദാനിൽ ഭക്ഷണം നൽകി ആർ.ടി.എ
text_fieldsദുബൈ: റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ സാമൂഹിക പദ്ധതികളുടെ ഭാഗമായി റമദാനിൽ വിവിധ ചാരിറ്റി സംരംഭങ്ങൾ പ്രഖ്യാപിച്ചു.ദിവസവും ആയിരം പേർക്ക് ഇഫ്താർ ഭക്ഷണം, റേഷൻ വാങ്ങുന്നതിന് പ്രീ പെയ്ഡ് നോൽ കാർഡ്, ദരിദ്ര കുടുംബങ്ങൾക്കിടയിൽ ഭക്ഷണവിതരണം തുടങ്ങിയവയടക്കം വിവിധ സംരംഭങ്ങളാണ് പ്രഖ്യാപിച്ചത്. 'മീൽസ് ഓൺ വീൽസ്' എന്നുപേരിട്ട ഇഫ്താർ കിറ്റ് വിതരണ പരിപാടി ബസ് ഡ്രൈവർമാർ, തൊഴിലാളികൾ, ഡെലിവറി ബൈക്കുകളുടെയും ട്രക്കുകളുടെയും ഡ്രൈവർമാർ, അനാഥർ, ദരിദ്രർ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ ലക്ഷ്യമാക്കിയാണ് നടപ്പാക്കുക.
റോഡിൽ നോമ്പുതുറ നേരത്താണ് ഇത്തരക്കാർക്ക് കിറ്റ് വിതരണം ചെയ്യുക. വിതരണത്തിന് പ്രത്യേക ബസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആർ.ടി.എ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ റീദ അൽ മഹ്രീസി പറഞ്ഞു. റമദാൻ റേഷൻ പദ്ധതിയിൽ വിതരണം ചെയ്യുന്ന നോൽ കാർഡുകൾ ഉപയോഗിച്ച് ദുബൈയിലെ പ്രമുഖ റീട്ടെയ്ൽ സ്റ്റോറുകളിൽ നിന്ന് അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ സാധിക്കും.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവിന്‍റെ ഭാഗമായ 'സാബിൽ ബ്രഡ് ഇനീഷ്യേറ്റിവ്' പദ്ധതിയിൽ സ്മാർട് ഡിവൈസുകൾ വഴി ആവശ്യക്കാരായ ആളുകൾക്ക് ഭക്ഷണം നൽകും. ദുബൈയിലെ 10 ജില്ലകളിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ വർഷവും ഏറ്റവും ആവശ്യക്കാരായ ആളുകൾക്ക് റമദാനിൽ ഭക്ഷണമെത്തിക്കാൻ ആർ.ടി.എ പദ്ധതികൾ നടപ്പാക്കാറുണ്ട്. യുവാക്കൾക്ക് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെടാനും ആർ.ടി.എയുടെ പദ്ധതി സൗകര്യമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.