സ്കൂൾ ബസുകളിൽ ആർ.ടി.എ സുരക്ഷ പരിശോധന
text_fieldsദുബൈ: അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി എമിറേറ്റിലെ സ്കൂൾ ബസുകളിൽ റോഡ് ഗതാഗത അതോറിറ്റിയിലെ (ആർ.ടി.എ) പൊതുഗതാഗത വകുപ്പ് പരിശോധന നടത്തി.
കുട്ടികളെ വീടുകളിൽനിന്ന് സ്കൂളുകളിലേക്ക് കൊണ്ടുപോകുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പൂർണമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഓരോ പ്രായത്തിലുള്ള കുട്ടികൾക്കും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നു.
എല്ലാ വർഷവും അധ്യയന വർഷാരംഭത്തിൽ സ്കൂൾ മാനേജ്മെന്റുകൾ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിക്കാറുണ്ട്.
2021-2022 അക്കാദമിക് വർഷത്തിൽ സ്മാർട്ട് സംവിധാനമുപയോഗിച്ച് നടത്തിയ പരിശോധനയിൽ ഏറ്റവും കൂടുതൽ പിഴവുകൾ കണ്ടെത്തിയ ബസുകൾക്കാണ് പരിശോധനയിൽ മുൻഗണന നൽകിയത്. ബസുകളുടെ സുരക്ഷ സംവിധാനങ്ങൾ, ഡ്രൈവർമാരുടെ ലൈസൻസടക്കമുള്ള അനുമതികൾ, ശുചിത്വം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.സ്കൂൾ ബസുകൾ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങൾ നേരത്തേ തന്നെ ആർ.ടി.എ പുറത്തിറക്കിയിട്ടുണ്ട്. ബസുകൾ മണിക്കൂറിൽ 80 കി. മീറ്റർ വേഗപരിധി മറികടക്കരുത്, എല്ലാ ബസുകളും സ്പീഡ് കൺട്രോൾ ഉപകരണം ഘടിപ്പിച്ചിരിക്കണം എന്നത് പാലിക്കണമെന്നും നിബന്ധനയിലുണ്ട്. സ്കൂൾ ബസുകളുടെ രൂപം, നിറം, മറ്റു സവിശേഷതകൾ, നിർബന്ധ സുരക്ഷ ഉപകരണങ്ങൾ എന്നിവ കൃത്യമായി വിവരിക്കുന്ന മാന്വലും പുറത്തിറക്കിയിട്ടുണ്ട്.
സ്കൂൾ മാനേജ്മെന്റ്, സൂപ്പർവൈസർമാർ, ബസ് ഓപറേറ്റിങ് കമ്പനികൾ, ഡ്രൈവർമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രത്യേകമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിദ്യാർഥികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ 500ലധികം സ്കൂളുകളിൽ ദുബൈ മുനിസിപ്പാലിറ്റി സുരക്ഷ പരിശോധനകൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.