ഭിന്നശേഷി സൗഹൃദമാക്കി ആർ.ടി.എ സംവിധാനങ്ങൾ
text_fieldsദുബൈ: ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമാക്കി കെട്ടിടങ്ങളും സംവിധാനങ്ങളും മാറ്റിയെടുക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ടം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ദുബൈ ബിൽഡിങ് കോഡിന് അനുസൃതമായാണ് വിവിധ സ്ഥാപനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
മൂന്നാം ഘട്ടത്തിൽ 26 കെട്ടിടങ്ങളും സംവിധാനങ്ങളുമാണ് നിശ്ചിത നിലവാരത്തിലേക്ക് മാറ്റിയത്. ആർ.ടി.എ ഹെഡ് ഓഫിസ്, 15 ബസ് സ്റ്റേഷനുകൾ, നാല് മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ, രണ്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, അഞ്ച് അഡ്മിനിസ്ട്രേറ്റിവ് കെട്ടിടങ്ങൾ, അൽ ജദ്ദാഫ് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ എന്നിവയാണ് നിലവിൽ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയത്.
ഭിന്നശേഷിക്കാർക്ക് യോജിച്ച രീതിയിൽ സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നത് നിർദേശിക്കുന്നതാണ് ദുബൈ ബിൽഡിങ് കോഡ്. മൂന്നാംഘട്ടം പൂർത്തിയായതോടെ ആർ.ടി.എ സംവിധാനങ്ങളുടെ നവീകരണ പദ്ധതി സമ്പൂർണമായി. എന്നാൽ, ബിൽഡിങ് കോഡ് അനുസരിച്ചുള്ള നവീകരണങ്ങൾ തുടരും.
കാഴ്ചപരിമിതർക്ക് അകത്തും പുറത്തും സൗകര്യപ്രദമായ വഴികൾ, ഓട്ടോമാറ്റിക് എൻട്രൻസ് ഡോറുകൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ റാമ്പുകൾ, കാഴ്ചപരിമിതർക്ക് വിവരങ്ങൾ മനസ്സിലാക്കുന്ന രീതിയിൽ ബ്രെയ്ലി ലിപിയിൽ ബോർഡുകൾ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന എലിവേറ്ററുകൾ എന്നിവ പുതിയ സംവിധാനത്തിൽ നിർമിച്ചിട്ടുണ്ട്.
കേൾവി പരിമിതർക്ക് സേവനം ലഭ്യമാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളും ലഭ്യമാക്കി. വീൽചെയറുകൾ അടക്കം മറ്റു സൗകര്യങ്ങളും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. ഹത്ത, അൽ ഖിസൈസ്, ദേര സിറ്റി സെൻറർ, ജബൽ അലി തുടങ്ങിയ ബസ് സ്റ്റേഷനുകളിലും അൽ ഗുബൈബ, അൽ സബ്ക, അൽ റിഗ്ഗ കാൾട്ടൻ ടവർ, നായിഫ് മൾട്ടി ലെവൽ പാർക്കിങ് സൗകര്യങ്ങളിലും അടക്കം പദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.