ഇ-ഹെയ്ൽ ടാക്സികൾ വർധിപ്പിക്കാൻ ആർ.ടി.എ
text_fieldsദുബൈ: ഓൺലൈൻവഴി ബുക്ക് ചെയ്യാവുന്ന ഇ-ഹെയ്ൽ ടാക്സികളുടെ എണ്ണം വർധിപ്പിക്കാൻ ആർ.ടി.എ തീരുമാനം. വരുംവർഷങ്ങളിൽ 80 ശതമാനമായി ഉയർത്താനാണ് തീരുമാനം. ഹല ഇ-ഹെയ്ൽ ടാക്സികൾക്ക് സ്വീകാര്യത വർധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞവർഷം ദുബൈയിലെ ടാക്സി ട്രിപ്പുകളുടെ 30 ശതമാനവും ഹല ഇ-ഹെയ്ൽ ടാക്സികൾ വഴിയായിരുന്നു.
ദുബൈയെ സ്മാർട്ട് നഗരമാക്കി മാറ്റുക എന്നതിനൊപ്പം നഗരത്തിൽ കാർബൺ ബഹിർഗമനം കുറക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇ-ഹെയ്ൽ ടാക്സികൾക്ക് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് ഇ-ഹെയ്ൽ സേവനമെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. ഈ സേവനത്തിന്റെ ആവശ്യകത വർധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019ലാണ് ഇ-ഹെയ്ൽ സേവനം തുടങ്ങിയത്. 2020ൽ 11 ശതമാനവും 2021ൽ 18 ശതമാനവും കഴിഞ്ഞവർഷം 30 ശതമാനവുമായി ആവശ്യക്കാരുടെ എണ്ണം വർധിച്ചു. കഴിഞ്ഞവർഷം 11,662 ടാക്സികളിലായി 105 ദശലക്ഷം ട്രിപ്പുകളാണ് നടത്തിയത്.
ഇ-ഹെയ്ൽ സേവനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈസേവനം മാത്രം ലഭ്യമാകുന്ന സോണുകൾ നിശ്ചയിക്കും. സാധാരണ ടാക്സികൾക്കും ഇ-ഹെയ്ൽ വാഹനങ്ങൾക്കും പ്രത്യേക പാർക്കിങ് പ്രദേശങ്ങൾ നിശ്ചയിക്കും. കൂടുതൽ ആവശ്യക്കാരുള്ള പ്രദേശങ്ങളിൽ കൂടുതൽ പാർക്കിങ് ഏരിയ ലഭ്യമാക്കും. ആർ.ടി.എ, ഹല സ്മാർട്ട് ആപ്പുകളിലൂടെ ഈ പാർക്കിങ് ഏരിയകൾ തിരിച്ചറിയാനും കഴിയും. പത്ത് സെക്കൻഡിനുള്ളിൽ ബുക്കിങ്, തൊട്ടടുത്ത ടാക്സികളുടെ ലഭ്യത, യാത്രകൾ ട്രാക്ക് ചെയ്യൽ തുടങ്ങിയ സേവനങ്ങളും ഇ-ഹെയ്ൽ സർവിസ് വഴി ലഭിക്കും.
സ്മാർട്ട് സംവിധാനത്തിലൂടെ ബുക്കിങ് ലഭിക്കുന്നതിനാൽ അനാവശ്യമായി നഗരം ചുറ്റേണ്ട അവസ്ഥയും ഒഴിവാകും. ഇതുവഴി ഇന്ധനം ലാഭിക്കാനും കാർബൺ ബഹിർഗമനം കുറക്കാനും കഴിയും. ഉപഭോക്താക്കൾക്ക് ഡ്രൈവർമാരുടെ വിവരം ലഭിക്കുകയും ഓൺലൈൻ പേമെന്റ് നടത്താൻ കഴിയുകയും ചെയ്യും.
എങ്ങനെ ബുക്ക് ചെയ്യാം
• മൊബൈലിൽ കരീം ആപ് (Careem) ഡൗൺലോഡ് ചെയ്യുക
• നമ്മുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും നൽകുക
• കാർ, ഹല ടാക്സി എന്നിവയിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക
• എവിടെയാണ് ടാക്സി വരേണ്ടത് എന്നും എവിടേക്കാണ് പോകേണ്ടതെന്നും വ്യക്തമാക്കുക
• ഇതിനായി ലൊക്കേഷൻ സേവനം ആപ്പിൽ ലഭ്യമാണ്
• ഏത് തരം ടാക്സിയാണ് ആവശ്യമുള്ളത് എന്ന് തിരഞ്ഞെടുക്കുക
• ടാക്സി ചാർജ് പണമായാണോ കാർഡായാണോ നൽകുന്നത് എന്ന് രേഖപ്പെടുത്തുക
• യല്ലാ (Yalla) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുന്നതോടെ ബുക്കിങ് ഉറപ്പാകും
• വാഹനത്തിന്റെ നമ്പറും നിറവും ഏത് വാഹനമാണെന്നും ഡ്രൈവറുടെ പേരും നമുക്ക് ലഭിക്കും
• ടാക്സി എവിടെ എത്തിയെന്നും എപ്പോൾ നമ്മുടെ അടുത്ത് എത്തുമെന്നും ട്രാക്ക് ചെയ്യാൻ കഴിയും
• ഏകദേശം ടാക്സി നിരക്ക് എത്രയാകുമെന്നും അറിയാം
• ട്രിപ് കാൻസൽ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്
• ആവശ്യമെങ്കിൽ ഡ്രൈവറെ വിളിക്കുകയോ ചാറ്റ് ചെയ്യുകയോ ചെയ്യാം
• സാധാരണ സമയങ്ങളിൽ ഹല ടാക്സിയിൽ എട്ട് ദിർഹമിനാണ് ഓട്ടം തുടങ്ങുന്നത്
• തിരക്കേറിയ സമയങ്ങളിൽ നിരക്ക് തുടങ്ങുന്നത് 12 ദിർഹം മുതലാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.