പേപ്പർലസ് പട്ടികയിലേക്ക് ആർ.ടി.എയും: ഗതാഗത നിയമലംഘനങ്ങൾക്ക് ഇനി ഇ-ടിക്കറ്റ് മാത്രം
text_fieldsദുബൈ: അതിവേഗം സ്മാർട്ടാവുന്നതിനായി ദുബൈ ഗവൺമെൻറ് മുന്നോട്ടുവെച്ച പേപ്പർലസ് ലക്ഷ്യത്തിൽ കണ്ണിചേർന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും. വാഹന നിയമലംഘനം, പിഴകൾ ഉൾപ്പെടെയുള്ള എല്ലാ കാര്യത്തിലും അച്ചടിച്ച പേപ്പറുകൾ നൽകുന്നത് ഒഴിവാക്കി, പകരം ഉപഭോക്താക്കൾക്ക് ഇ-ടിക്കറ്റുകൾ നൽകുമെന്ന് ആർ.ടി.എ അറിയിച്ചു.
മാത്രമല്ല, ഇവ ഇ-മെയിൽ അല്ലെങ്കിൽ ശബ്ദ സന്ദേശങ്ങളായി മാത്രമേ അയക്കൂവെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനം സംബന്ധിച്ച വിശദാംശങ്ങളും ഇൗ രണ്ട് മാർഗങ്ങളിലൂടെ മാത്രം അയക്കാനാണ് പദ്ധതി.
കടലാസുകൾ സ്പർശിക്കുന്നത് ഒഴിവാക്കിക്കൊണ്ട് കോവിഡിനെതിരായ മുൻകരുതൽ നടപടികളുമായി പദ്ധതി പൊരുത്തപ്പെടുന്നതിനൊപ്പം അച്ചടി സംബന്ധമായ ഭാരിച്ച സാമ്പത്തിക ചെലവും ഗണ്യമായി കുറക്കാൻ കഴിയുന്നതിനാൽ സാമ്പത്തിക സുസ്ഥിരതയെ ത്വരിതപ്പെടുത്തുമെന്നും ആർ.ടി.എ വിലയിരുത്തുന്നു. കുറ്റകൃത്യങ്ങൾ വിദൂരമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ സ്മാർട്ട് വാഹനങ്ങൾ സജ്ജമാക്കിയതോടെ വാഹന പരിശോധനക്കും ഇനി സ്മാർട്ട് വഴിതേടും. പിഴ സംബന്ധിച്ച കടലാസുകൾ വാഹനത്തിെൻറ മുൻവശത്ത് സ്ഥാപിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നതായും ആർ.ടി.എ വ്യക്തമാക്കി.
നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രവും നിയമംലംഘിച്ച സ്ഥലം വ്യക്തമാക്കുന്ന മാപ്പും സഹിതം വാഹനം ഓടിക്കുന്നവർക്ക് ലഭിക്കുന്ന തരത്തിൽ പുതിയൊരു ഫീച്ചർ കൂടി ആർ.ടി.എയുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതായും ആർ.ടി.എ ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ ഡ്രൈവർമാരെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ പുതുക്കാനും വിവരങ്ങൾ പങ്കുവെക്കാനായി പൊതുജനങ്ങളെ പര്യാപ്തമാക്കുന്നതിനുമായി മാർച്ച് മാസത്തിൽ കാമ്പയിൻ സംഘടിപ്പിച്ചുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.