ഡെലിവറി ബോയ്സിന് പരിശീലനവുമായി ആർ.ടി.എ
text_fieldsദുബൈ: ബൈക്കിൽ ഡെലിവറി നടത്തുന്നവർക്ക് പരിശീലന പദ്ധതിയുമായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഡെലിവറി ബോയ്സ് അപകടത്തിൽപെടുന്നത് പതിവായതോടെയാണ് പരിശീലനത്തിന് ആർ.ടി.എ ഒരുങ്ങുന്നത്. ഡെലിവറി, ലോജിസ്റ്റിക്സ് മേഖലയിലെ പുതിയ നിയമനിർമാണങ്ങളുടെ ഭാഗമായാണ് നടപടി.
വേനൽ കടുത്തതോടെ ഏറ്റവും ദുരിതം അനുഭവിക്കുന്നവരാണ് ഡെലിവറി ബൈക്ക് ഡ്രൈവർമാർ. ഓൺലൈൻ ഷോപ്പിങും ഓൺലൈൻ ഫുഡ് ഡെലിവറിയും വർധിച്ചതോടെ ദുബൈ നഗരത്തിൽ ബൈക്കിൽ ഡെലിവറിക്കായി പായുന്നവരുടെ എണ്ണം കൂടി. ഈ സാഹചര്യത്തിലാണ് ഇവർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചത്.
ഡ്രൈവിങ് സ്കൂളുകൾ വഴിയാകും പരിശീലനം നൽകുക. ഇതിന് യോഗ്യരായ പരിശീലകരെ കണ്ടെത്തും. സുരക്ഷക്ക് പ്രാധാനം നൽകുന്ന പരിശീലനമായിരിക്കും ഇവർക്ക് നൽകുക.
സ്വന്തം സുരക്ഷയും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തി ജോലി മുന്നോട്ടു കൊണ്ടുപോകാൻ ഡെലിവറി ഡ്രൈവർമാർക്ക് ശാസ്ത്രീയമായ വിവരങ്ങൾ കൈമാറുകയാണ് ലക്ഷ്യം. ഡെലിവറി ബിസിനസ്, ലോജിസ്റ്റിക്സ്, ഇലക്ട്രോണിക് മീഡിയ കമ്പനികൾക്കായി തയാറാക്കുന്ന പുതിയ മാസ്റ്റർപ്ലാനിെൻറ ഭാഗംകൂടിയാണ് ഡെലിവറി ഡ്രൈവർമാർക്കുള്ള പരിശീലന പദ്ധതി.
ഗതാഗത നിയമങ്ങൾ, ഡ്രൈവർമാരുടെ ഉത്തരവാദിത്തങ്ങൾ, അപകടങ്ങളുടെ കാരണങ്ങളും സ്ഥിതിവിവരക്കണക്കുകളും, വ്യത്യസ്ത കാലാവസ്ഥകളെ എങ്ങനെ കൈകാര്യം ചെയ്യാം, അപകടമുണ്ടായാൽ എന്തു ചെയ്യണം എന്നിവയെക്കുറിച്ച് ബോധവത്കരിക്കും. കോഴ്സിെൻറ അവസാനം വിലയിരുത്തലും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.