നഗരക്കാഴ്ചകൾ കാണാൻ ആർ.ടി.എ ടൂറിസ്റ്റ് ബസ്
text_fieldsദുബൈ: നഗരത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഏറെ ഉപകാരപ്പെടുന്ന ബസ് സർവിസുമായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ദുബൈയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബസ് സെപ്റ്റംബറിലാണ് റോഡിലിറങ്ങുക. നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കുമെന്നതാണ് സർവിസിന്റെ പ്രത്യേകത.
ദുബൈ മാളിൽനിന്ന് ആരംഭിച്ച്, എട്ട് പ്രധാന വിനോദകേന്ദ്രങ്ങളിലും ലാൻഡ്മാർക്കുകളിലുമാണ് ബസ് സഞ്ചരിക്കുക. ‘ഓൺ ആൻഡ് ഓഫ്’ രീതിയിൽ പ്രവർത്തിക്കുന്ന സർവിസിൽ ഇഷ്ടമുള്ള സ്ഥലത്തിറങ്ങി കാഴ്ചകൾ ആസ്വദിക്കാനും അടുത്ത ബസിൽ കയറി അടുത്ത സ്ഥലത്തേക്ക് പോകാനും സാധിക്കും.
ദുബൈ ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, ഫ്യൂചർ മ്യൂസിയം, ഗോൾഡ് സൂഖ്, ദുബൈ മാൾ, ലാ മെർ ബീച്ച്, ജുമൈറ മോസ്ക്, സിറ്റി വാക് എന്നീ സ്ഥലങ്ങളിലൂടെയാണ് ബസ് സർവിസ് നടത്തുക. രാവിലെ 10 മുതൽ രാത്രി 10വരെ സർവിസുണ്ടാകും. മണിക്കൂറിൽ ഓരോ ബസ് വീതം ദുബൈ മാളിൽനിന്ന് പുറപ്പെടുമെന്നും ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു. ആകെ രണ്ടു മണിക്കൂറാണ് യാത്രയുടെ സമയം. 35 ദിർഹമാണ് ഒരാൾക്ക് നിരക്ക്.
ഈ നിരക്കിൽ ദിവസം മുഴുവൻ ഈ ബസിൽ കയറിയും ഇറങ്ങിയും സഞ്ചരിക്കാനാകും. ടൂറിസ്റ്റ് ബസ് സർവിസ് മറ്റു പൊതു ഗതാഗത സംവിധാനങ്ങളുമായും ബന്ധപ്പെടുത്തിയാണ് സർവിസ് നടത്തുക. മെട്രോ, സമുദ്ര ഗതാഗതം, പൊതു ബസുകൾ എന്നിവയുമായി, പ്രത്യേകിച്ച് അൽ ഗുബൈബ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് കടന്നുപോകുകയെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസി സി.ഇ.ഒ അഹ്മദ് ബഹ്റോസിയാൻ പറഞ്ഞു.
ദുബൈയിലെ സാമ്പത്തിക വളർച്ചയുടെ പ്രധാന മേഖലയായ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നതാണ് പുതിയ ബസ് സർവിസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.