ആർ.ടി.എ വാഹന പരിശോധന സേവനം എല്ലാ ദിവസവും
text_fieldsദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റിക്ക് കീഴിലെ വാഹന സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ ഞായറാഴ്ച അടക്കം എല്ലാ ദിവസങ്ങളിലും പ്രവർത്തനം ആരംഭിച്ചു. റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ വിജയകരമായ രണ്ട് മാസത്തെ പരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ശേഷം ഏപ്രിൽ 30 മുതലാണ് പുതിയ സമയക്രമം നിലവിൽ വന്നത്.
അൽ അവീർ, അൽ തവാർ, ഓട്ടോപ്രോ അൽ മൻഖൂൽ, ഓട്ടോപ്രോ അൽ സത്വ എന്നിവിടങ്ങളിലെ ഇനോക് തസ്ജീൽ കേന്ദ്രങ്ങളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ടെസ്റ്റിങ് സെന്ററുകളിൽ അടക്കം സേവനം ലഭ്യമാകും. പരിശീലന കാലയളവിലെ ഞായറാഴ്ചകളിൽ ശരാശരി ഇടപാടുകൾ 234 എണ്ണമാണ്. വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് വാഹന പരിശോധന സേവനം എല്ലാ ദിവസവും ഏർപ്പെടുത്തിയതെന്ന് ആർ.ടി.എ വെഹിക്കിൾ ലൈസൻസിങ് ഏജൻസി ഡയറക്ടർ അഹമദ് മഹ്ബൂബ് പത്രക്കുറിപ്പിൽ പറഞ്ഞു.
അൽ മുതകാമില വെഹിക്കിൾസ് ടെസ്റ്റിങ് ആൻഡ് രജിസ്ട്രേഷൻ സെന്റർ, തസ്ജീലിന്റെ യൂസ്ഡ് കാർ മാർക്കറ്റ് സെന്റർ എന്നീ രണ്ട് കേന്ദ്രങ്ങളിലാണ് ഉച്ച 2 മുതൽ രാത്രി 10 വരെ രണ്ട് മാസക്കാലം പരീക്ഷണാടിസ്ഥാനത്തിൽ സംരംഭം അവതരിപ്പിച്ചത്. വാഹനങ്ങളുടെ ട്രാൻസ്ഫർ, രജിസ്ട്രേഷൻ, കയറ്റുമതി, പുതുക്കൽ എന്നിവക്കുള്ള പരിശോധനയും ക്ലാസിക് വാഹനങ്ങളുടെ ടെസ്റ്റിങ് സേവനവും കേന്ദ്രങ്ങളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.