ട്രക്കുകളിൽ അമിതഭാരത്തിനെതിരെ കാമ്പയിനുമായി ആർ.ടി.എ
text_fieldsദുബൈ: ട്രക്കുകളിൽ അമിതഭാരം കയറ്റുന്നതിനെതിരെ ട്രാഫിക് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഹെവി വാഹനങ്ങളുടെയും ട്രക്കുകളുടെയും വലിയ തിരക്കനുഭവപ്പെടുന്ന ആൽ മക്തൂം ഇന്റർനാഷനൽ എയർപോർട്ട് റോഡ്, ദുബൈ-അൽ ഐൻ റോഡ്, എമിറേറ്റ്സ് റോഡ്, റാസൽ ഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവിടങ്ങളിലാണ് ദുബൈ പൊലീസിന്റെ ജനറൽ ഹെഡ് ക്വാട്ടേഴ്സുമായി സഹകരിച്ച് ആർ.ടി.എ ട്രാഫിക് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചത്.
എമിറേറ്റിലെ മുഴുവൻ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുകയെന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി ഗതാഗത സുരക്ഷ വർധിപ്പിക്കുകയെന്നതാണ് കാമ്പയിനിന്റെ പ്രാഥമിക ലക്ഷ്യം. അതോടൊപ്പം ബോധവത്കരണത്തിലൂടെ നീളമുള്ളതും അമിതഭാരമുള്ളതുമായ ചരക്കുകൾ കയറ്റുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാരിൽ അവബോധമുണ്ടാക്കുകയും ചെയ്തു.
അമിത ഭാരമുള്ള വസ്തുക്കൾ കയറ്റുന്നതുവഴി ചരക്കുകൾ റോഡുകളിലേക്ക് വീഴുക, മറ്റ് ഡ്രൈവറുടെ ജീവൻ അപകടത്തിലാക്കൽ, റോഡുകളുടെ ഗുണനിലവാരത്തെ അപകടപ്പെടുത്തൽ എന്നിവയെകുറിച്ച് കാമ്പയിനിലൂടെ ഡ്രൈവർമാർക്ക് ആർ.ടി.എ ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി.
ശരിയായ ലൈസൻസില്ലാതെ അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ കൊണ്ടുപോകരുതെന്ന മുന്നറിയിപ്പ് നൽകിയതായും ആർ.ടി.എ പൊതുഗതാഗത ഏജൻസിയുടെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്ടർ സുൽത്താൻ അൽ അക്രഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.