റമദാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ആർ.ടി.എ
text_fieldsദുബൈ: എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) റമദാനിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. വിവിധ സർക്കാർ സംവിധാനങ്ങളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഡ്രൈവർമാർ, തൊഴിലാളികൾ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്കാണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക. 40,000 പേർക്ക് ഭക്ഷണം എത്തിക്കുന്ന മീൽസ് ഓൺ വീൽസ്, 500 പേർക്ക് പ്രീപെയ്ഡ് നോൽ കാർഡ് വിതരണം ചെയ്യുന്ന റമദാൻ റേഷൻ എന്നിവയാണ് പദ്ധതിയിൽ പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്.
എല്ലാ വർഷവും സംഘടിപ്പിക്കുന്ന ‘റമദാൻ അമൻ’ എന്ന പദ്ധതിയുടെ ഒമ്പതാമത് എഡിഷനും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. ഇഫ്താർ സമയത്ത് പ്രധാന റോഡുകളിൽ ഡ്രൈർമാർക്കും യാത്രക്കാർക്കും നോമ്പുതുറ കിറ്റുകൾ നൽകുന്നതാണ് പദ്ധതി.
ഇഫ്താർ സമയത്തെ തിരക്കിട്ട യാത്രയുണ്ടാക്കുന്ന അപകടങ്ങൾ കുറക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുതിർന്ന പൗരന്മാർക്കുവേണ്ടിയുള്ള പദ്ധതി എമിറേറ്റ്സ് സൊസൈറ്റി ഫോർ പാരന്റ്സ് കെയർ എന്ന കൂട്ടായ്മയുമായി സഹകരിച്ചാണ് നടപ്പാക്കുക. 100 പേർക്ക് പ്രീപെയ്ഡ് നോൽ കാർഡ് വിതരണമാണ് ഇതിൽ ചെയ്യുക.
ഭക്ഷണ വിതരണ പദ്ധതിയിൽ ദിവസവും 1330 പേർക്കാണ് ഭക്ഷണം എത്തിക്കുക. ദുബൈ ഇസ്ലാമികകാര്യ, ചാരിറ്റബ്ൾ വകുപ്പ്, ബൈത്തുൽ ഖൈർ സൊസൈറ്റി, എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി, എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനി തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങൾക്കും വനിത ടാക്സി ഡ്രൈവർമാർക്കുമാണ് 500 പ്രീപെയ്ഡ് നോൽ കാർഡ് വിതരണം ചെയ്യുന്നത്. ദുബൈയിലെ വിവിധ റീട്ടെയിൽ സ്ഥാപനങ്ങളിൽനിന്ന് അവശ്യവസ്തുക്കൾ വാങ്ങാനും മറ്റും ഇതുപയോഗിക്കാം. ബൈത്തുൽ ഖൈർ സൊസൈറ്റിയുമായി ചേർന്ന് മുഹൈസിനയിൽ പ്രത്യേക ടെൻറ് ഒരുക്കിയാണ് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.