യാത്രക്കാർക്ക് സൗജന്യ കുട പദ്ധതിയുമായി ആർ.ടി.എ
text_fieldsദുബൈ: മഴയും വെയിലും ഇനി ദുബൈ നഗരത്തിലെ യാത്രക്ക് തടസ്സമാകില്ല. കനത്ത മഴയിലും വെയിലിലും യാത്രക്കാരെ സഹായിക്കാൻ സൗജന്യ കുട നൽകുന്ന പദ്ധതിയുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). പ്രമുഖ കനേഡിയൻ സ്മാർട് അംബ്രല സർവിസ് കമ്പനിയായ ‘അംബ്രസിറ്റി’യുമായി സഹകരിച്ചാണ് മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തിൽ അൽ ഗുബൈബ, മെട്രോ ബസ് സ്റ്റേഷനുകളിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. പരീക്ഷണ സംരംഭം വിജയകരമായാൽ അടുത്ത മൂന്ന് മാസത്തിന് ശേഷം മറ്റു മെട്രോ, ബസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
കാൽനടക്കാർക്ക് യാത്ര സുഗമമാക്കുന്നത് ലക്ഷ്യം വെച്ചാണ് വെയിലിലും മഴയിലും ഉപയോഗിക്കാവുന്ന സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. നോൽ കാർഡ് ഉപയോഗിച്ചാണ് സ്റ്റേഷനുകളിൽ നിന്ന് കുട വാങ്ങാൻ സാധിക്കുക. ഉപയോഗ ശേഷം ഇവിടെ തന്നെ ഏൽപിക്കുകയും വേണം. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനുമായി യോജിപ്പിച്ച്, സുസ്ഥിരവും ആരോഗ്യകരവുമായ നഗര അന്തരീക്ഷം രൂപപ്പെടുത്തുന്നതും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതും ജനങ്ങളുടെ സന്തോഷം വർധിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാനുള്ള ദുബൈയുടെ അഭിലാഷം സാക്ഷാത്കരിക്കുന്നതിന് ആർ.ടി.എയും അംബ്രാസിറ്റിയും യോജിച്ച് നടത്തുന്ന ചുവടുവെപ്പാണിതെന്നും ‘20 മിനിറ്റ് നഗരം’ വികസിപ്പിക്കുക എന്ന ലക്ഷ്യത്തെ പിന്തുണക്കുന്നതിനാണ് സേവനം പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്നതെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.
താമസക്കാർക്ക് ദൈനംദിന ആവശ്യങ്ങൾ 20 മിനിറ്റ് നടന്നോ, ബൈക്ക് യാത്രക്കുള്ളിലോ ലഭ്യമാകുമെന്ന കാഴ്ചപ്പാടാണ് ‘20 മിനിറ്റ് നഗര’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗജന്യ സ്മാർട്ട് കുടകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആർ.ടി.എയും അംബ്രാസിറ്റിയും ഊർജസ്വലവും ആരോഗ്യകരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ സമൂഹത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എയുടെ പൊതുഗതാഗത ഏജൻസിയിലെ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.