ദുബൈ ആർ.ടി.എയുടെ ഡിജിറ്റൽ സേവന വരുമാനം 370 കോടി
text_fieldsദുബൈ: ഡിജിറ്റൽ സേവന രംഗത്തുനിന്നുള്ള വരുമാനത്തിൽ കഴിഞ്ഞ വർഷം 16.8 ശതമാനത്തിന്റെ വർധന കൈവരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ചെയര്മാന് മതാര്‍ അല്‍ തായര്‍ അറിയിച്ചു. 370 കോടി ദിർഹമാണ് കഴിഞ്ഞ വർഷത്തെ വരുമാനം.
വിവിധ മാര്‍ഗങ്ങളിലൂടെ നടത്തിയ മൊത്തം ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം 82.1 കോടിയായും ഉയര്‍ന്നു. ഇതില്‍ 2022നേക്കാള്‍ ഒരു ശതമാനമാണ് വര്‍ധന.
സ്മാര്‍ട്ട് ആപ്പുകള്‍ വഴി 1.5 കോടി ഇടപാടുകള്‍ നടന്നു. 2022നേക്കാള്‍ 29 ശതമാനമാണ് വര്‍ധന. ആര്.ടി.എ ആപ്പുകളിലൂടെയുള്ള തത്സമയ ഉപഭോക്തൃ സന്തോഷ സൂചകം 2022നേക്കാള്‍ രണ്ട് ശതമാനം വര്‍ധിച്ച് 95 ശതമാനത്തിലേറെയെത്തി. കഴിഞ്ഞവര്‍ഷം ആര്.ടി.എയുടെ ഡിജിറ്റല്‍ സേവന മാര്‍ഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 14.04 ലക്ഷമാണ്.
2022നേക്കാള്‍ 20 ശതമാനമാണ് ഇതില്‍ വര്‍ധന. ആര്.ടി.എ ആപ്പുകള്‍ ആപ് സ്റ്റോറുകളില്‍നിന്ന് 30.56 ലക്ഷം തവണ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനാണ് ആര്.ടി.എ ശ്രമമെന്ന് മതാര്‍ അല്‍ തായര്‍ വിശദീകരിച്ചു.
സമഗ്രമായ റോഡ് മാപ് പുറത്തിറക്കുന്നതിന്റെ ഭാഗമായി ചാറ്റ്ബോട്ട് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന നവീകരിച്ച മഹ്ബൂബ് ചാറ്റ്ബോട്ട് ആര്.ടി.എ അടുത്തിടെ പുറത്തിറക്കിയിരുന്നു.
മനുഷ്യ ഇടപെടലിനേക്കാള്‍ സമഗ്രമായ സേവനമാണ് ഇതുവഴി നല്‍കിവരുന്നത്. പുതുതലമുറ സ്മാര്‍ട്ട് കിയോസ്കുകളും വികസിപ്പിട്ടുണ്ട്. ഏറ്റവും വേഗമേറിയ കാര്യക്ഷമമായ ഇന്‍ സര്‍വിസ് ഡെലിവറിയാണ് പ്രത്യേകത. ഇതിലൂടെ 42 ആര്.ടി.എ സേവനങ്ങളാണ് നല്‍കിവരുന്നത്.
സേവന നിലവാരം ഉറപ്പാക്കാന്‍ ഒരു മോണിറ്ററിങ് സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. 21 ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളിലും സേവനദാതാക്കളുടെ ലൊക്കേഷനുകളിലുമായി ആര്.ടി.എ 30 പുതിയ കിയോസ്കുകള്‍ വിന്യസിച്ച് കഴിഞ്ഞവര്‍ഷം 30.9 കോടി ദിര്‍ഹം വരുമാനം നേടി. 2022നെ അപേക്ഷിച്ച് 12 ശതമാനമാണ് വര്‍ധന. ആര്.ടി.എ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പും അടുത്തിടെ പുറത്തിറക്കിയിരുന്നു.
സേവനങ്ങള്‍ക്കായി ഏകീകൃത പ്ലാറ്റ്ഫോമും സൃഷ്ടിച്ചു. ഇതിലെ അപ്ഡേറ്റില്‍ 1,90,000 ലൊക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്ന എ.ഐ പാര്‍ക്കിങ് പ്രെഡിക്ഷന് സംവിധാനവും നോല്‍ ടോപ്അപ് സേവനവും ഉള്‍പ്പെടുന്നുണ്ട്. പൊതുഗതാഗത സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാതെത്തന്നെ നോല്കാര്ഡിലെ ബാലന്‍സ് അപ്ഡേറ്റ്സ് ആപ്പിലൂടെ അറിയാനാവും.
ദുബൈ ഡ്രൈവ് ആപ് വാഹന പ്ലേറ്റ് ട്രാന്‍സ്ഫര്‍ സേവനവും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ സര്‍വിസ് സെന്ററുകളില്‍ സന്ദര്‍ശനങ്ങളുടെ ആവശ്യകതയും ഇടപാട് സമയവും കുറയുകയും ചെയ്തു. പ്രത്യേകിച്ച് ഒരു ആര്.ടി.എ അക്കൗണ്ട് ഉണ്ടാക്കാതെത്തന്നെ യു.എ.ഇ പാസ് വഴി ലോഗിന്‍ ചെയ്യാനും സൗകര്യമൊരുക്കി.
സൈക്കിള്‍, ഇ-സ്കൂട്ടര്‍ പാതകള്‍, ടാക്സി സ്റ്റാന്‍ഡ് ലൊക്കേഷനുകള്‍, സാമ്പത്തിക വിനോദസഞ്ചാര വകുപ്പുമായി ഏകോപിപ്പിച്ചുള്ള വിവിധ പരിപാടികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്കുന്ന എസ് ഹെയില്‍ ആപ്പിന്റെ പുതിയ പതിപ്പും ആര്.ടി.എ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ 360 സേവനങ്ങള്‍ നല്കുന്ന 63 പുതിയ സര്‍വിസുകളും ഔദ്യോഗിക വെബ്സൈറ്റില്‍ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.