അധികാരത്തിൽ അരനൂറ്റാണ്ട് പിന്നിട്ട് ഫുജൈറ ഭരണാധികാരി
text_fieldsഫുജൈറ: സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുജൈറയുടെ അധികാരത്തില്‍ എത്തിയിട്ട് സെപ്റ്റംബര്‍ 18ന് അമ്പതു വര്‍ഷം പൂര്‍ത്തിയായി. 1974 സെപ്റ്റംബർ 18ന് പിതാവ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ മരണത്തിനു ശേഷമാണ് ഇദ്ദേഹം അധികാരം ഏറ്റെടുക്കുന്നത്.
തുടർന്ന് സാമ്പത്തികം, വിനോദ സഞ്ചാരം, സാമൂഹികം, സാംസ്കാരികം എന്നീ മേഖലകളിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് വന്‍തോതിലുള്ള വികസനമാണ് ഫുജൈറയില്‍ നടപ്പാക്കിയത്. ‘ശോഭനമായ ഭാവിയിലേക്ക് ഞങ്ങൾ ദൃഢനിശ്ചയത്തോടെ മുന്നേറുന്നു, അസാധ്യമായത് ഒന്നുമില്ല’ എന്ന അദ്ദേഹത്തിന്റെ വചനം സാർഥകമാവുന്ന രീതിയിലായിരുന്നു ഫുജൈറയുടെ വികസനം.
കഴിഞ്ഞ 50 വർഷമായി വിവിധ ലോകരാജ്യങ്ങളില്‍ നടന്ന നിരവധി ആഗോള ഉച്ചകോടികളിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി പങ്കെടുത്തിട്ടുണ്ട്.
ശൈഖ് ഹമദിന്റെ ഭരണകാലത്ത് എമിറേറ്റിനെ പ്രാദേശിക, അന്തർദേശീയ, തലങ്ങളിൽ തന്ത്രപ്രധാനമായ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനും സാമ്പത്തികമായി വന്‍കുതിപ്പ് കൈവരിക്കുന്നതിനും സാധിച്ചു. യു.എ.ഇയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ഇന്ന് ഫുജൈറ തുറമുഖം.
തന്ത്രപ്രധാനമായ അബൂദബി ക്രൂഡ് ഓയിൽ പൈപ്പ്ലൈൻ പദ്ധതി, രാജ്യത്തെ ഏറ്റവും വലിയ എണ്ണ ബർത്ത്, ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത് കൂറ്റൻ എണ്ണക്കപ്പലുകൾ കയറ്റുന്നതിനുള്ള ലോകത്തിലെ ഏറ്റവും ആഴമേറിയ ബർത്ത് എന്നിങ്ങനെ നിരവധി പദ്ധതികളുടെ കേന്ദ്രമാണ് ഫുജൈറ തുറമുഖം.
ഫുജൈറ ഓയിൽ ഇൻഡസ്ട്രീസ് സോണിലെ റിഫൈനറികളുടെ പെട്രോളിയം ഉൽപന്നങ്ങളുടെ ഉൽപാദനം 2023ൽ ഏകദേശം 4,000 മെട്രിക് ടൺ വരും. യു.എ.ഇയുടെ കിഴക്കൻ തീരത്തെ വ്യോമയാന, ഗതാഗത, ടൂറിസം മേഖലയുടെ കേന്ദ്രമെന്ന നിലയിൽ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പങ്ക് വളരെ പ്രസക്തമാണ്.
അടുത്തിടെയായി ഫുജൈറ വിമാനത്താവളത്തില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം എമിറേറ്റിലെ റോക്ക് ക്രഷറുകളുടെ പ്രവർത്തനം വർധിപ്പിച്ച് പ്രകൃതിവിഭവങ്ങൾ ഉപയോഗപ്പെടുത്താനും ഗള്‍ഫ് രാജ്യങ്ങളുടെ റോക്ക് ക്രഷർ ഉൽപന്നങ്ങളുടെ പ്രധാന ഉറവിടമായി ഫുജൈറയും മാറ്റാനും സാധിച്ചു.
അതിശയകരമായ സാമ്പത്തിക വികസനവും എമിറേറ്റിന്റെ സാമ്പത്തിക സ്രോതസ്സുകളുടെ വൈവിധ്യവത്കരണവും കൊണ്ട് നേരിട്ടുള്ള വിദേശ വ്യാപാര ഇറക്കുമതി 2023 വര്‍ഷത്തില്‍ ഏകദേശം രണ്ട് ബില്യൺ ദിർഹമായിരുന്നു.
കഴിഞ്ഞ വർഷം ഫുജൈറ സർക്കാറിന് 22,000 പുതിയ ലൈസൻസുകള്‍ അനുവദിക്കാനും സാധിച്ചു. സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനുമായി 14ഓളം ബാങ്കുകൾ ഇപ്പോൾ ഫുജൈറയിൽ പ്രവർത്തിക്കുന്നു.
എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാനും വിദേശ വ്യാപാരം മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കുക വഴി എമിറേറ്റ്സിന്റെ മൂലധനവും നിക്ഷേപവും വർധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ശൈഖ് ഹമദിന്റെ നിര്‍ദേശ പ്രകാരം പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്ര സ്ട്രാറ്റജിക് പ്ലാൻ 2040 പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.