കൂപ്പുകുത്തി വീണ്ടും രൂപ: ഗൾഫ് കറൻസികൾ റെക്കോഡ് നിരക്കിൽ
text_fieldsദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80 രൂപ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതോടെയാണിത്. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്‍റെ മൂല്യവും രൂപയെ കൂടുതൽ തളർത്തുകയാണ്.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു യു.എ.ഇ ദിർഹമിന് 21 രൂപ 77 പൈസ എന്ന നിലയിലേക്ക് വിനിമയ നിരക്ക് ഉയർന്നു. സൗദി റിയാൽ 21 രൂപ 28 പൈസ എന്ന നിലയിലേക്കും ഖത്തർ റിയാൽ 21 രൂപ 97 പൈസയിലേക്കും എത്തി. ഒമാനി റിയാലിന്‍റെ മൂല്യം 207 രൂപ 73 പൈസയായി. ഏറ്റവും ഉയർന്ന മൂല്യമുള്ള കുവൈത്ത് ദീനാർ 259 രൂപ 91 പൈസയിലേക്ക് കുതിച്ചു. ബഹ്റൈൻ ദീനാറാകട്ടെ 212 രൂപ 17 പൈസയിലേക്കും ഉയർന്നു.
റിസർവ് ബാങ്കിന്‍റെ ഇടപെടൽ ശക്തമായില്ല എങ്കിൽ അടുത്തദിവസങ്ങളിൽ വീണ്ടും രൂപയുടെ മൂല്യം താഴേക്ക് പോകുമെന്നാണ് സൂചന. റഷ്യ- യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോഴുണ്ടായ രൂപയുടെ മൂല്യത്തകർച്ച ആഗോള വിപണിയിലെ പുതിയ സംഭവവികാസങ്ങളിൽ കൂടുതൽ ശോചനീയമാവുകയാണ്.
ഉയരുന്ന പണപ്പെരുപ്പം ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന ആശങ്കകളെ തുടർന്ന് ഡോളറിൽ നിക്ഷേപം എത്തിയതാണ് പതിറ്റാണ്ടിലെ റെക്കോർഡ് മൂല്യത്തിലേക്ക് ഡോളറിനെ എത്തിച്ചത്. ക്രൂഡ് ഓയിൽ വിലയാകട്ടെ അന്താരാഷ്ട്ര വിപണിയിൽ ഉയന്ന് നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.