ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം
text_fieldsദുബൈ: ദുബൈയിലെ ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.100 കിലോമീറ്റർ നീളത്തിൽ പ്രകൃതിരമണീയമായ പാതകൾ, ഹെലികോപ്ടർ റൈഡ്, പ്രകൃതിദത്ത അരുവികളും തടാകങ്ങളും, ഡസർട്ട് സ്പോർട്സ് മേഖലകൾ തുടങ്ങിയവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പദ്ധതിയുടെ ചിത്രങ്ങളും ശൈഖ് മുഹമ്മദ് പുറത്തുവിട്ടു. പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.
ആദ്യഘട്ടത്തിൽ ലെഹ്ബാബ്, അവീർ, ഫഖാ തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 2216 ചതുരശ്ര കിലോമീറ്ററിലായിരിക്കും പദ്ധതി.നമുക്ക് വളരെ മനോഹരമായ ഒരു നഗരമുണ്ടെന്നും അടുത്ത ലക്ഷ്യം ഗ്രാമങ്ങളെ മനോഹരമാക്കലാണെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങളിൽ ഹെലികോപ്ടറും പച്ചപ്പും മരുഭൂമിയും ഒട്ടകവും ബസുകളുമെല്ലാം കാണാം. കഴിഞ്ഞ മേയിലാണ് ഗ്രാമങ്ങളിലെ ടൂറിസം വികസന പദ്ധതി പ്രഖ്യാപിച്ചത്.കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ദുബൈ അർബൻ മാസ്റ്റർ പ്ലാൻ-2040ലും ഗ്രാമവികസനമുണ്ട്. ദുബൈയുടെ 60 ശതമാനവും പച്ചപുതപ്പിക്കാനാണ് ഈ പദ്ധതി.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർക്കൊപ്പം പദ്ധതിപ്രദേശം സന്ദർശിക്കുന്ന ചിത്രങ്ങളും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. യു.എ.ഇയിലെ വിനോദസഞ്ചാരികളുടെ എണ്ണം അടുത്ത 10 വർഷത്തിനുള്ളിൽ 40 ദശലക്ഷമായി ഉയർത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുവഴി 450 ശതകോടി ദിർഹമിന്‍റെ ജി.ഡി.പി വർധനയാണ് ലക്ഷ്യമിടുന്നത്.ഗ്രാമീണ മേഖലയിലെ ടൂറിസം വികസനം ഇതിന് മുതൽക്കൂട്ടാവും.
ഗ്രാമീണ വികസന പദ്ധതി
2216 ചതുരശ്ര കിലോമീറ്ററിൽ ടൂറിസം വികസനം
പ്രകൃതിരമണീയമായ 100 കിലോമീറ്റർ പാത
ഡസർട്ട് ഇലക്ട്രോണിക് സ്കൂട്ടറുകൾ
ഡസർട്ട് ഡ്രൈവിങ്
ബോട്ടിങ്, കയാക്കിങ്, ക്യാമ്പുകൾ
സിനിമ
ഹെലികോപ്ടർ ടൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.