റഷ്യ-യുക്രെയ്ന് പ്രശ്നം നയതന്ത്രത്തിലൂടെ പരിഹരിക്കണം -ഡോ. അന്‍വര്‍ ഗര്‍ഗാഷ്
text_fieldsഅബൂദബി: റഷ്യയും യുക്രെയ്നും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് നയതന്ത്രത്തിലൂടെ പരിഹാരം കാണണമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. റഷ്യ-യുക്രെയ്ന് സൈനികനീക്കം നാലാംദിവസത്തിലേക്ക് കടക്കുകയും ഡസന്‍ കണക്കിന് സിവിലിയന്മാരും സൈനികരും കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യു.എ.ഇ നയതന്ത്ര ഉപദേഷ്ടാവിന്റെ പ്രതികരണം. ബുദ്ധിമുട്ടേറിയ പരീക്ഷണമാണ് ലോകം നേരിടുന്നതെന്നും കൂടുതല്‍ അതിക്രമം ഉണ്ടാവുന്നത് തടയേണ്ടത് അനിവാര്യമാണെന്നും ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വീറ്റ് ചെയ്തു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം കാണണം. റഷ്യ-യുക്രെയ്ന് സംഘര്‍ഷം അന്താരാഷ്ട്രസമൂഹത്തിന്റെ അടിത്തറക്ക് ഭീഷണിയുയര്‍ത്തുന്നതെന്നും അസ്ഥിരത വര്‍ധിപ്പിക്കുന്നതാണെന്നും ഗർഗാഷ് കുറിച്ചു.
പ്രതിസന്ധികള്‍ നിറഞ്ഞൊരു മേഖലയില്‍ നിന്നുള്ള നമ്മുടെ അനുഭവസമ്പത്തുകൊണ്ട് സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരങ്ങളും സന്തുലിതത്വം സൃഷ്ടിക്കുകയുമാണ് ഇത്തരം പ്രശ്നങ്ങളെ നേരിടുന്നതിനും അതിന്റെ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിനുമുള്ള മികച്ച മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്ര സംഘടനയുടെ അടിസ്ഥാനതത്ത്വങ്ങളിലും അന്താരാഷ്ട്ര നിയമത്തിലും രാജ്യപരമാധികാരത്തിലും സൈനിക പരിഹാരങ്ങളുടെ നിരാസത്തിലും അടിയുറച്ചതാണ് യു.എ.ഇയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സിവിലിയന്മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് അനുവാദം നല്‍കുകയും ചെയ്യുന്ന അന്താരാഷ്ട്ര മാനുഷിക നിയമത്തെ ഏവരും മാനിക്കണമെന്ന് ശനിയാഴ്ച യു.എ.ഇ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് അംഗരാജ്യങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് തങ്ങള്‍ തയാറാണെന്ന് ഐക്യരാഷ്ട്രസംഘടനയിലെ യു.എ.ഇയുടെ സ്ഥിരാംഗം ലന നുസ്സൈബയും യു.എന്‍ സുരക്ഷ കൗണ്‍സിലിനെ അറിയിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.