റഷ്യൻ വാക്സിൻ 'സ്പുട്നിക് -അഞ്ച്' യു.എ.ഇയിൽ അംഗീകരിച്ചു
text_fieldsദുബൈ: കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് -അഞ്ച് വാക്സിൻ രാജ്യത്ത് ഉപയോഗിക്കാനായി യു.എ.ഇ അധികൃതർ അംഗീകരിച്ചു. അടിയന്തര ഉപയോഗത്തിനായി ഷോട്ടുകൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ആയിരത്തോളം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി വാക്സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് റഷ്യയിലെ ഗമാലേയ നാഷനൽ സെൻറർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്സിൻ ഉപയോഗിക്കുന്നതിന് യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.
വൈറസിനെതിരായ പ്രതിരോധനില വർധിപ്പിക്കാനും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വൈറസിനെതിരെ ശക്തമായ ആൻറിബോഡി പ്രതികരണം, ഉപയോഗത്തിലെ സുരക്ഷ, അന്താരാഷ്ട്ര സുരക്ഷ, ഫലപ്രാപ്തി മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നതിൽ വാക്സിനുകളുടെ ഫലപ്രാപ്തി പഠനഫലങ്ങൾ തെളിയിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചുവെന്ന് യു.എ.ഇ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. പതിനായിരക്കണക്കിന് ആളുകളെ ഉൾപ്പെടുത്തി വലിയ പരീക്ഷണങ്ങളാണ് നേരത്തേ റഷ്യയിൽ നടത്തിയത്. സ്പുട്നിക് -അഞ്ച് വാക്സിെൻറ ഫലപ്രാപ്തി 91.4 ശതമാനമാണെന്ന് ഗമാലിയ ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾ 12 രാജ്യങ്ങൾ സ്പുട്നിക് -അഞ്ച്ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. യു.എ.ഇക്ക് പുറമെ അർജൻറീന, സെർബിയ, ഫലസ്തീൻ, വെനിസ്വേല, പരഗ്വേ, തുർക്മെനിസ്താൻ എന്നിവയാണ് സ്പുട്നിക് അഞ്ച് സ്വീകരിച്ച മറ്റ് രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.