റുതബ് എത്തി; ഈത്തപ്പഴ സീസണിന് തുടക്കം
text_fieldsഅൽഐൻ: ഒമാനിൽനിന്ന് റുതബുകൾ എത്തിത്തുടങ്ങിയതോടെ അൽഐൻ മാർക്കറ്റിലെ ഈത്തപ്പഴ വിപണി സജീവമായി. നഗാൾ ഇനത്തിൽപെട്ട റുതബുകളാണ് വിപണിയിലെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ഒരു കിലോ റുതബിന് 500 മുതൽ 1000 ദിർഹം വരെ വിലയുണ്ടായിരുന്നു. പിന്നീട് മാർക്കറ്റിൽ സുലഭമായതോടെ കിലോക്ക് 45 മുതൽ 50 ദിർഹം വരെയായി വില കുറഞ്ഞു. തേനൂറും മധുരമുള്ള റുതബുകൾ വാങ്ങാൻ എത്തുന്നത് സ്വദേശികളാണ് അധികവും.
അൽഐനിലെ തോട്ടങ്ങളിൽ ഈത്തപ്പഴങ്ങൾ പഴുത്ത് തുടങ്ങുന്നതോടെ അൽഐൻ വിപണി കൂടുതൽ സജീവമാകും. പകുതി പഴുപ്പെത്തിയ ഖലാസും പഴുത്ത് മൃദുലമായ റുതബുമാണ് വിപണിയിൽ ലഭ്യമാകുക. സീസണിന്റെ തുടക്കത്തിൽ ഒമാനിൽനിന്നുമാണ് ഈത്തപ്പഴം എത്തുന്നത്. ഒമാനികൾ അൽഐനിലെത്തി സ്വദേശികൾക്ക് നേരിട്ട് കൈമാറുകയാണ് പതിവ്.
ഈ വർഷം മഴ കൂടുതൽ ലഭിച്ചതും ചൂട് കൂടാൻ വൈകിയതും അൽഐനിലെ തോട്ടങ്ങളിൽ ഈത്തപ്പഴങ്ങൾ പഴുത്തു പാകമാകാൻ വൈകുന്നതിന് കാരണമായിട്ടുണ്ട്. ഒമാനിലെ തോട്ടങ്ങളിൽനിന്ന് വരുന്ന നെഗാൾ, ചുവപ്പ് നിറമുള്ള ജെഷ് വ എന്നീ ഇനങ്ങളാണ് പ്രധാനമായും വിപണിയിൽ തുടക്കത്തിൽ ലഭ്യമാകുക. അടുത്ത ആഴ്ചകളിലായി ഹിലാൽ, ലുലു തുടങ്ങിയ ഇനങ്ങളും വിപണിയിലെത്തും. നാട്ടിൽ പോകുന്ന മലയാളികളും കൊണ്ടുപോകുന്ന ഒരു പ്രധാന ഇനമാണ് ഇത്. ഇവ കൂടാതെ കിമ്രി എന്നറിയപ്പെടുന്ന പഴുക്കാത്ത ഇനവും തമർ എന്നറിയപ്പെടുന്ന ഉണക്കിയ ഈത്തപ്പഴവും ലഭ്യമാണ്.
ചൂട് കൂടുന്നതോടെ അൽഐനിലെ തോട്ടങ്ങളിലും ഈത്തപ്പഴം പഴുത്ത് തുടങ്ങും. അതോടെ വില ഗണ്യമായി കുറയും. ഇവ വിപണിയിൽ ധാരാളമായി എത്തുന്നതോടെ കിലോക്ക് 10 ദിർഹം വരെയായി കുറയും.
ഈത്തപ്പഴ സീസണിൽ തന്നെയാണ് യു.എ.ഇയിലും ഒമാനിലും മാമ്പഴവും വിളവെടുപ്പ് നടത്തുന്നത്. റുത്താബുകൾക്കൊപ്പം വിൽപനക്കെത്തുന്ന മറ്റൊരു പ്രധാന ഇനമാണിത്. ഫുജൈറയിൽനിന്നും ഒമാനിൽനിന്നും യമനിൽനിന്നുമാണ് ഇപ്പോൾ പഴുത്ത മാമ്പഴം എത്തുന്നത്.
ഇന്ത്യൻ മാങ്ങകൾക്ക് പുറമേ പാകിസ്താനിൽനിന്ന് ഏറെ രുചിയും മധുരവുമുള്ള മാങ്ങകൾ വിപണിയിലെത്തും. മലപ്പുറം സ്വദേശികളും ബംഗാളികളുമാണ് മാർക്കറ്റിൽ കൂടുതലായി കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.