റെക്കോഡ് തേടി ഉലകംചുറ്റും റതർഫോഡ് ദുബൈയിൽ
text_fieldsദുബൈ: വിമാനത്തിൽ തനിച്ച് ലോകംചുറ്റി റെക്കോഡ് കുറിക്കാൻ പുറപ്പെട്ട 16കാരൻ ദുബൈയിൽ. ബ്രിട്ടീഷ്-ബെൽജിയൻ വംശജനായ മാക് റതർഫോഡാണ് 30 രാജ്യങ്ങൾ പിന്നിടുന്ന യാത്രയുടെ ഭാഗമായി ദുബൈയിലെത്തിയത്. റതർഫോർഡിന്‍റെ സാഹസിക ഉദ്യമത്തിൽ 13ാമത്തെ രാജ്യമാണ് യു.എ.ഇ. ഒമാനിൽനിന്നാണ് വെള്ളിയാഴ്ച രാവിലെ ദുബൈ ജെടെക്‌സ് വി.ഐ.പി ടെർമിനലിൽ റതർഫോഡ് വന്നിറങ്ങിയത്.
ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയില്‍നിന്നാണ് മാക്ക് റൂഥര്‍ഫോഡ് യാത്ര തുടങ്ങിയത്. 18 വയസ്സുള്ള ട്രാവിസ് ലുഡ്‌ലോയുടെ പേരിലുള്ള ഗിന്നസ് റെക്കോഡ് തകർക്കൽ ലക്ഷ്യമിട്ടാണ് യാത്ര. സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് കൗമാരക്കാരൻ പറഞ്ഞു. ദുബൈയിൽ ഇറങ്ങാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും നല്ല സ്വീകരണമാണ് ലഭിച്ചതെന്നും പ്രതികരിച്ചു.
യു.എ.ഇയിൽനിന്ന് ഇറാനിലേക്കും തുടർന്ന് കസാക്സ്താൻ, ദക്ഷിണ കൊറിയ, ജപ്പാൻ, യു.എസ്, മെക്സികോ, കാനഡ, ഗ്രീൻലാൻഡ്, ഐസ്ലൻഡ്, യു.കെ, ബെൽജിയം എന്നിങ്ങനെ അവസാനം ബൾഗേറിയ എന്ന നിലയിലാണ് മുന്നോട്ടുള്ള യാത്ര. കഴിഞ്ഞ യാത്രയിൽ പ്രതിബന്ധങ്ങൾ നിറഞ്ഞ മേഖലകളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സഹാറയുടെ ഭാഗത്ത് കാഴ്ച കുറവായിരുന്നു. പൊടിയും മണലും നിറഞ്ഞ വായു വളരെ ബുദ്ധിമുട്ടായ സാഹചര്യം സൃഷ്ടിച്ചു -റതർഫോഡ് കൂട്ടിച്ചേർത്തു.
പൈലറ്റുമാരുടെ കുടുംബത്തില്‍ ജനിച്ച റതർഫോഡ് ഏഴാം വയസ്സിൽ പിതാവിനൊപ്പം വിമാനം ഓടിക്കാന്‍ തുടങ്ങിയതാണ്. 15ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി. ലോകം ചുറ്റി റെക്കോഡിട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയായ സഹോദരി 19 വയസ്സുള്ള സാറയുടെ പാതയില്‍ തന്നെയാണ് മാർക് റതർഫോഡും സഞ്ചരിക്കുന്നത്. സഹോദരിയുടെ റെക്കോഡ് തകർക്കാനാണ് ഈ സാഹസിക യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.