തോൽക്കാത്ത മനസുണ്ട്; ബയേറിന് ലോകം ചുറ്റാൻ
text_fieldsദുബൈ: ക്രിസ്റ്റ്യൻ ബയേർലിൻ എന്ന ജർമൻകാരന്റെ ശരീരത്തിൽ ചുണ്ടെല്ലാതെ മറ്റൊരു അവയവവും ശരിയായി ചലിക്കില്ല. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന മാരകമായ രോഗം ബാധിച്ച് പ്രവർത്തന ശേഷി നഷ്ടപ്പെട്ടതാണ്. വീൽചെയറിലാണ് ജീവിതം. എന്നാൽ വിധി നൽകിയ വേദനയിൽ വേവലാതിപൂണ്ട് ഒതുങ്ങിക്കഴിയാനോ സ്വപ്നങ്ങൾക്ക് വിലങ്ങിടാനോ അദ്ദേഹം ഒരുക്കമല്ല. സോഫ്റ്റ്വെയർ എൻജിനീയർ എന്ന ജോലി ചെയ്യുന്നു, ഇണയോടൊപ്പം ലോകം മുഴുവൻ സഞ്ചരിച്ച് കാഴ്ചകൾ കാണുന്നു, സിനിമയിൽ അഭിനയിക്കുന്നു, ഭിന്നശേഷിക്കാരായ ആളുകൾക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു...
എന്നിങ്ങനെ വൈവിധ്യപൂർണമായ മേഖലകളിൽ സജീവമായി ബയേർ ഇടപെടുന്നു. ശരീരത്തിലെ ചലിക്കുന്ന ഏക അവയവമായ ചുണ്ട് സാധ്യതയായി തിരിച്ചറിയുകയായിരുന്നു ഇദ്ദേഹം. ചലനമറ്റ മറ്റു ശരീരഭാഗങ്ങളുടെ ജോലികൾ പോലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചുണ്ടിനാൽ നിർവഹിച്ചു. വീൽചെയർ നിയന്ത്രിക്കുന്നതും ഫോൺ അറ്റൻറ് ചെയ്യുന്നതും ചുണ്ടുകൾകൊണ്ടാണ്.
സോഫ്റ്റ്വെയർ എൻജിനീയർ എന്ന തന്റെ ജോലി ചെയ്യുന്നതും വ്യക്തിപരമായ മറ്റെല്ലാ കാര്യങ്ങൾ നിർവഹിക്കുന്നതും ചുണ്ടിലെ ചലനത്തിലൂടെ തന്നെ. 'ടച്ച് മി നോട്ട്' എന്ന വിഖ്യാതമായ സിനിമയിലും പ്രധാനപ്പെട്ട റോളിൽ ബയേർ പ്രത്യക്ഷപ്പെട്ടു. ഈ സിനിമക്ക് 2018ലെ ബെർലിൻ അന്താരാഷ്ട്ര ചലചിത്രോൽസവത്തിൽ ഗോൾഡൻ ബിയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജർമനിയിലെ കോംബ്ലൻസുകാരനായ ബയേർ കഴിഞ്ഞ രണ്ടാഴ്ചയായി യു.എ.ഇ സന്ദർശനത്തിലാണ്. പുതുവൽസര രാവിൽ ഷാർജയിലായിരുന്നു. വെടിക്കെട്ടും ആഘോഷങ്ങളും ഉറക്കിമിളച്ചിരുന്ന് കണ്ടു.
തുടർന്ന് ഫുജൈറയിലെ മലനിരകളും തീരങ്ങളും സന്ദർശിച്ചു. അവിടുന്ന് അബൂദബിയിലേക്ക് യാത്ര ചെയ്ത് അൽ ഹുസ്ൻ പാലസിലും കോർണിഷ് ബീച്ചിലും ശൈഖ് സായിദ് മസ്ജിദിലും തുടങ്ങി അൽ ജുബൈൽ ദ്വീപിലുമടക്കം കറങ്ങി. അവിടുന്ന് ദുബൈയിലേക്ക് വന്നു. എക്സ്പോയിലും മറ്റു സുപ്രധാന കേന്ദ്രങ്ങളും സഞ്ചരിച്ചു.
എല്ലാ യാത്രയിലുമെന്ന പോലെ കൂട്ടിന് 2012 മുതൽ ജീവിത സഖിയായ ഗ്രിറ്റ് ഉഹ്ലമാനും ഉണ്ട്. ജീവിതത്തിൽ ചെറിയ പ്രതിസന്ധികൾ വരുമ്പോൾ തന്നെ തളരുന്ന മനുഷ്യർക്ക് ചുറ്റും ബയേർ ഒരു മഹാൽഭുതമാണ്. പ്രതിസന്ധികളെ സാധ്യതകളായി പരിവർത്തിപ്പിക്കാൻ കഴിയണമെന്നതാണ് ബയേറിന്റെ പക്ഷം. ഒരു വെബ് ഡെവലപറും ആക്ടിവിസ്റ്റുമാണെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്.
സയൻസും സയൻസ് ഫിക്ക്ഷനും വായനക്ക് ഇഷ്ടമാണ്. ധാരാളമായി യാത്ര ചെയ്യുന്നു. കലാ-സാംസ്കാരിക പരിപാടികൾ കൂട്ടുകാരോടൊപ്പം ആസ്വദിക്കാനും ഇഷ്ടമാണ് -അദ്ദേഹം പറയുന്നു. തന്നെപ്പോലെ ഭിന്നശേഷിക്കാരായ ആളുകൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനമേഖലയാണ്. അതിനായി പ്രഭാഷണങ്ങൾ നടത്താനും പദ്ധതികൾ രൂപപ്പെടുത്താനും ബയേർ നേതൃപരമായ പങ്കുവഹിക്കുന്നുണ്ട്. ഇനിയും കാണാത്ത നാടുകൾ കറങ്ങാനും തന്നെപ്പോലുള്ളവർക്കായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നതുമാണ് ബയേറിന്റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.