സൗമ്യം, മനോഹാരിതം
text_fieldsമരുഭൂ ശീത രാവുകള്‍ക്ക് ചൂട് പകരുകയാണ് സൗമ്യ മനോഹാരിതയുടെ അലകള്‍ നൊറിയുന്ന അറബ് പരമ്പരാഗത നൃത്തചുവടുകള്‍. റാസല്‍ഖൈമയില്‍ അല്‍ ഖ്വാസിമി കോര്‍ണീഷ്, അല്‍ റംസ് തുടങ്ങിയിടങ്ങളില്‍ നടന്നു വരുന്ന ശൈത്യകാല ഉല്സവസങ്ങളിലെ പ്രധാന കലാപ്രകടനമാണ് യവ്ലാ, സഹബ് നൃത്തങ്ങള്‍. ബഹളമയമായ സംഗീത വഴിയില്‍ നിന്ന് വേറിട്ട നൃത്തചുവടുകള്‍ക്ക് പഴങ്കഥകളും നാടന്‍ പാട്ടുകളും കൊഴുപ്പേകുന്നു. യു.എ.ഇക്ക് പുറമെ ഒമാന്‍ ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളും വിശേഷാവസരങ്ങളിലെല്ലാം വ്യത്യസ്ത പേരുകളിലുള്ള പൂര്‍വികരുടെ പ്രൗഢ സംഗീത-നൃത്തചുവടുകളെ ചേര്‍ത്തുപിടിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
ജീവിതായോധനത്തിന് മല്‍സ്യബന്ധനം-മുത്തുവാരല്‍-കൃഷി എന്നിവയെ ആശ്രയിച്ചിരുന്ന പഴമക്കാര്‍ വിജയകരമായ മുത്തുവാരല്‍-ചാകര-വിളവെടുപ്പുകളിലും ഗോത്ര യുദ്ധങ്ങളില്‍ എതിരാളികളുടെ തോല്‍വിയിലും നടത്തിയ ആഹ്ളാദാരാവങ്ങളില് നിന്നാണ് മാസ്മരികവും കാവ്യാത്മകവുമായ അല്‍ യവ്ലാ (സ്റ്റിക്ക് ഡാന്‍സ്) നൃത്തചുടുകളുടെ തുടക്കം. ചെണ്ട മേളത്തിനും അറബ് കവിതകള്‍ക്കുമൊപ്പം സൗമ്യമായ ചുവടുകളിലുമാണ് സബഹ് നൃത്തം പുരോഗമിക്കുന്നത്. നാടന്‍ സംഗീതത്തിനും കവിതകള്‍ക്കുമൊപ്പം മുള, കുന്തം, വാള്, തോക്ക് തുടങ്ങിയവ ഉപയോഗിച്ചുള്ള സ്തോഭജനകമായ നിമിഷങ്ങള്‍ സമ്മാനിച്ചാണ് യവ്ലാ നൃത്ത ചുവടുകള്‍ പര്യവസാനിക്കുക. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും കൗമാരക്കാരും യുവാക്കളും നൃത്തച്ചുവടുകളുടെ ഭാഗമാകും. ലിംഗഭേദങ്ങളെയും സാമൂഹിക വിഭാഗങ്ങളെയും ഈ നൃത്തരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഗോത്ര യുദ്ധങ്ങളിലെ വിജയഭേരി അനുസ്മരിപ്പിക്കുന്നതാണ് യവ്ലാ നൃത്തത്തിനിടയില് തോക്കുകളും കുന്തങ്ങളും വാളുകളും ചടുല നീക്കത്തിലൂടെ ഉയരത്തിലെറിഞ്ഞ് കൃത്യമായി തിരികെ കൈയില്‍ സ്വീകരിക്കുന്നത്. ഡമ്മി തോക്കിനൊപ്പം വാളിനെയും കുന്തത്തെയും സൂചിപ്പിക്കുന്ന നേര്‍ത്ത മുളകളുമാണ് നൃത്തപ്രകടനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്നത്.
മുളയുടെ നേര്‍ത്ത തണ്ടുകള്‍ വഹിച്ച് 20ഓളം പേരടങ്ങുന്ന രണ്ട് സംഘം അഭിമുഖമായി നില്‍ക്കുന്നതോടെ യവ്ലായുടെ നൃത്തച്ചുവടുകള്‍ക്ക് തുടക്കമാകും.
ഓടക്കുഴല്‍, തുകല്‍ ബാഗ്, പൈപ്പുകള്‍, പിച്ചള കൈത്താളങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പശ്ചാത്തല സംഗീതം. ഒരു സംഘം കാവ്യാത്മകായ ഈണങ്ങളിലൂടെ സദസ്സിനെ പിടിച്ചിരുത്തുമ്പോള്‍ തലയും വടികളും സമന്വയിപ്പിച്ച് മുകളിലേക്കും താഴേക്കും ചലിപ്പിച്ച് കൊണ്ടുള്ള കലാകാരന്മാരുടെ പ്രകടനങ്ങള്‍ കാണികളുടെ മനം നിറക്കും. ഒരു വിഭാഗം വാളും തോക്കുകളും പിടിച്ച് വരികള്‍ക്ക് ചുറ്റും നീങ്ങുകയും ഇടവിട്ട വേളകളില്‍ കറക്കുകയും എറിയുകയും തന്ത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പെണ്‍കുട്ടികളും യവ്ലായില് പങ്കുചേരും.
നീണ്ട മുടി ഇരുവശങ്ങളിലേക്കും തൂര്ത്തെടുന്ന പെണ്‍കുട്ടികള്‍ സപ്ത സ്വരങ്ങളുടെ ചുവടുപിടിച്ച് കവിതാ സന്ദര്‍ഭത്തിനനുസരിച്ചാണ് നൃത്ത ചുവടുകള്‍ വെക്കുക. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതാണ് അല്‍ യവ്ല നൃത്തരൂപം.
ദേശീയ സ്വത്വത്തിന്‍െറയും മാനവികതയുടെയും പൈതൃകത്തിന്‍െറ ഭാഗമെന്നാണ് യവ്ലായുടെ വിശേഷണം. അറിവ്, വൈദഗ്ധ്യം, പൂര്‍വ്വികരുടെ പൈതൃക മൂല്യങ്ങള്‍ തുടങ്ങിയവുടെ തലമുറ കൈമാറ്റത്തിനും പരസ്പര ബഹുമാന-ആദരവുകള്‍ക്കും സമാധാന പ്രസരണത്തിനും പഴമയുടെ അറബ് നൃത്തചുവടുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.