ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം -സാദിഖലി തങ്ങള്‍
text_fieldsഅബൂദബി: ഇന്തോ-അറബ് ബന്ധം ഊട്ടിയുറപ്പിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തര ബന്ധങ്ങളില്‍ പ്രവാസികളുടെ കഠിനാധ്വാനവും വിശ്വാസ്യതയും ഇന്ത്യയെക്കുറിച്ചുള്ള വിവിധ രാജ്യങ്ങളുടെ കാഴ്ചപ്പാടിന് കൂടുതല്‍ തിളക്കം കൂട്ടിയിട്ടുണ്ട്.
ഗള്‍ഫ് രാഷ്ട്രങ്ങളുടെ വികസനപ്രക്രിയകളില്‍ പ്രധാന പങ്കുവഹിച്ച പ്രവാസികളുടെ കഠിനാധ്വാനത്തെക്കുറിച്ച് പലപ്പോഴും ഗള്‍ഫ് ഭരണാധികാരികള്‍തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. തൊഴില്‍ - വാണിജ്യ മേഖലകളില്‍ പ്രവാസികളോട് ഭരണകൂടം വെച്ചുപുലര്‍ത്തുന്ന വിശ്വാസ്യതക്കും ആത്മാർഥതക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരവും സാക്ഷ്യപത്രവുമാണ് ഇതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
പ്രവാസികള്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചത് രാജ്യങ്ങള്‍ കാണുന്നതിനോ ആസ്വാദനത്തിനോ വേണ്ടിയല്ല, മറിച്ചു സ്വന്തം കുടുംബത്തെ പോറ്റാനുള്ള വ്യഗ്രതയില്‍ സര്‍വവും മറന്ന് പ്രവാസത്തിന്റെ മുൾക്കിരീടം ചാര്‍ത്തിയവരാണ്. അതോടൊപ്പം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതിലും രാജ്യാന്തര ബന്ധങ്ങളില്‍ സുപ്രധാന കണ്ണികളായി മാറുന്നതിലും പ്രവാസികള്‍ സുപ്രധാന പങ്കുവഹിച്ചു.
അറബ് ഭരണാധികാരികള്‍ ഇന്ത്യന്സമൂഹത്തോട് പ്രത്യേക വാത്സല്യവും സ്നേഹവും വെച്ചുപുലര്ത്തുന്നവരാണെന്നത് പതിറ്റാണ്ടുകളുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയതാണ്. നൂറ്റാണ്ടുകളുടെ പൈതൃകവും പതിറ്റാണ്ടുകളുടെ പ്രവാസവും ഇഴ ചേര്‍ന്നപ്പോള്‍ രാജ്യാന്തര ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമായി മാറി.
ഒരുരാജ്യത്തിനും ഒറ്റക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഐക്യരാഷ്ട്രസഭകള്‍ സ്നേഹത്തിന്റെ ഒത്തുകൂടല്‍ വേദിയാണ്. ലോകരാഷ്ട്രങ്ങളുടെ സഹകരണവും സാമ്പത്തിക-സാങ്കേതിക കൈമാറ്റങ്ങളും അനിവാര്യമായി മാറി. അതിനൂതന സാങ്കേതിക വിദ്യ മനുഷ്യ ചിന്താശേഷിക്കുമപ്പുറത്തേക്ക് വളര്‍ന്നുകഴിഞ്ഞു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് പി. ബാവ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ മുന്‍ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷിമി, ലുലു ഇന്റര്‍നാഷനല്‍ ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ്കുഞ്ഞി, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് മിഷന് എ. അമൃതനാഥ്, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, സെക്രട്ടറി എം.പി.എം. റഷീദ്, അബൂദബി കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങല്‍, സുന്നി സെന്റര്‍ പ്രസിഡന്റ് കബീര്‍ ഹുദവി, സഫീര്‍ ദാരിമി, കെ.എം.സി.സി ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസുഫ്, മോഹന്‍ ജാഷന്‍മാല്‍, പൂക്കോയ തങ്ങള്‍, സിംസാറുല്‍ ഹഖ് ഹുദവി, മലയാളിസമാജം പ്രസിഡന്റ് റഫീഖ്, അബ്ദുല്‍ റഊഫ് അഹ്സനി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി, ട്രഷര്‍ എം. ഹിദായത്തുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.