സഫാരി പാർക്ക് നാളെ തുറക്കും
text_fieldsദുബൈ: ശരത്കാലത്തിന്റെ വരവറിയിച്ച്, വിനോദസഞ്ചാരികളുടെയും നിവാസികളുടെയും പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദുബൈ സഫാരി പാർക്ക് വ്യാഴാഴ്ച തുറക്കും. പാർക്കിന്റെ 24ാം സീസണിനാണ് വ്യാഴാഴ്ച തുടക്കമാവുന്നത്.പ്രവേശന ടിക്കറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചു. ലോകത്തെ അപൂർവയിനം പക്ഷികളെയും ജീവജാലങ്ങളേയും പരിചയപ്പെടുത്തുന്ന‘പക്ഷികളുടെ സാമ്രാജ്യം’ ഷോ ആണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്.
119 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ വിവിധ വർഗത്തിൽപെട്ട 3000 മൃഗങ്ങളെയാണ് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിച്ചുപോരുന്നത്. 10 മാംസഭുക്കുകൾ, 17 ആൾക്കുരങ്ങുകൾ ഉൾപ്പെടെ 78 ഇനം സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 തരം പക്ഷികൾ, ഉഭയജീവികൾ, ഇഴജന്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടും.
വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് പാർക്ക് അടച്ചത്. ദുബൈയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വന്യജീവികളേയും പക്ഷികളേയും സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിരീക്ഷിക്കാനുള്ള അവസരം നൽകുന്നതാണ് സഫാരി പാർക്ക്. ദുബൈ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ നടത്തുന്ന പാർക്കിൽ കഴിഞ്ഞ സീസണിൽ 50 ലക്ഷം സന്ദർശകർ വന്നുപോയതായാണ് കണക്ക്.
ആഫ്രിക്കൻ വില്ലേജ്, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡസർട്ട് സഫാരി, എക്സ്പ്ലോർ വില്ലേജ് ആൻഡ് വാലി എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പാർക്കിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.പകൽസന്ദർശനത്തിനും സഫാരി യാത്രക്കുമായി 50നും 110നും ഇടയിലാണ് മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്ക്.
സിങ് സഫാരി, ബിഹൈൻഡ് സീൻ, ജംഗ്ൾ കാപ്ചർ, ഡൈൻ ആൻഡ് വൈദൽഡ് എന്നിങ്ങനെ വിവിധ പാക്കേജുകളും സഫാരി അവതരിപ്പിക്കുന്നുണ്ട്.റിനോസിനും ജിറാഫുകൾക്കും തീറ്റ നൽകാനുള്ള പ്രത്യേക സെഷനുകളും സന്ദർശകർക്ക് തിരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.