സുരക്ഷിതം അബൂദബി; രാത്രി ഒറ്റക്കിറങ്ങാൻ ഭയമില്ല
text_fieldsഅബൂദബി: തലസ്ഥാന നഗരിയില്‍ രാത്രി തനിച്ചു നടക്കുന്നതില്‍ പൂർണ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന് സമൂഹ വികസന വകുപ്പ് നടത്തിയ ജീവിത നിലവാര സർവേ. പഠനത്തില്‍ പങ്കെടുത്ത 93.6 ശതമാനം താമസക്കാരും ഭയപ്പാടില്ലെന്ന് അഭിപ്രായപ്പെട്ടതായി അധികൃതർ അറിയിച്ചു.
160 രാജ്യക്കാരായ 92,576 പേരാണ് വകുപ്പിന്റെ നാലാമത് സർവേയില്‍ പങ്കെടുത്തത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിത നിലവാരം അളക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹ വികസന വകുപ്പ് സർവേക്ക് തുടക്കമിട്ടത്.
ഈ വര്‍ഷത്തെ സര്‍വേയില്‍ താമസം, തൊഴിലവസരങ്ങള്‍, വരുമാനം, കുടുംബവരുമാനം, ആസ്തി, ആരോഗ്യ-വിദ്യാഭ്യാസ രംഗം, ഭരണ-പാരിസ്ഥിതിക നിലവാരം, സാമൂഹിക-സാംസ്കാരിക ഉള്‍ക്കൊള്ളല്‍ തുടങ്ങിയ 14 പ്രധാന വിഷയങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. മുന്‍ വര്‍ഷങ്ങളിലെ സർവേകളിലായി സ്വദേശികളും പ്രവാസികളുമായ മൂന്നുലക്ഷത്തോളം പേരാണ് പങ്കെടുത്തത്. എമിറേറ്റിലെ ജീവിതനിലവാരത്തെക്കുറിച്ച് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. നാലു സർവേകളില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ തെളിയിക്കുന്നത് അബൂദബിയുടെ മെച്ചപ്പെട്ട നിലവാരമാണെന്ന് വകുപ്പ് ചെയര്മാന് ഡോ. മുഗീര്‍ ഖമിസ് അല്‍ ഖൈലി പറഞ്ഞു.
34 ശതമാനം പേര് കുടുംബ വരുമാനത്തില്‍ തൃപ്തി രേഖപ്പെടുത്തി. 64.7 ശതമാനം പേര് തൊഴില്‍ സംതൃപ്തിയും താമസ സൗകര്യങ്ങളില്‍ 70.6 ശതമാനം പേരും സന്തുഷ്ടരാണ്. ജീവിത നിലവാരത്തില്‍ പത്തില്‍ 6.94 പോയന്റാണ് സർവേയില്‍ പങ്കെടുത്തവര്‍ നല്‍കിയത്.
സാമൂഹിക ബന്ധങ്ങളിൽ 75.4 ശതമാനം പേരും കുടുംബങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവിടാന്‍ കഴിയുന്നതില്‍ 73 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.