സുരക്ഷിതരാജ്യം: യു.എ.ഇക്ക് ലോകത്ത് രണ്ടാം സ്ഥാനം
text_fieldsദുബൈ: ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ യു.എ.ഇക്ക് രണ്ടാം സ്ഥാനം. ഈ വർഷത്തെ സാഹചര്യങ്ങൾ പരിഗണിച്ച് ഗ്ലോബൽ ഫിനാൻസ് തയാറാക്കിയ റിപ്പോർട്ട് ബുധനാഴ്ചയാണ് പുറത്തുവിട്ടത്.കോവിഡ് മഹാമാരിയെ നേരിടുന്നതിലും ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിലും രാജ്യങ്ങൾ സ്വീകരിച്ച നടപടികളാണ് പ്രധാനമായും റാങ്കിങ്ങിന് പരിഗണിച്ചത്.
യുദ്ധം, വ്യക്തിസുരക്ഷ, പ്രകൃതിദുരന്തം എന്നിവയും 134 രാജ്യങ്ങളുടെ പട്ടിക തയാറാക്കുന്നതിെൻറ മാനദണ്ഡമായി. 2021 മേയ് 30 വരെയുള്ള വിവരങ്ങളാണ് പഠനത്തിന് പരിഗണിച്ചത്.
കോവിഡ് മരണങ്ങളുടെ കണക്ക്, വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം എന്നിവ റാങ്കിങ്ങിൽ പരിഗണിച്ചു. ഐസ്ലൻഡ് ആണ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്. ഖത്തർ മൂന്നാമതും സിംഗപ്പൂർ നാലാം സ്ഥാനവും നേടി. ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈൻ 12ാം സ്ഥാനത്തും കുവൈത്ത് 18ാമതും സൗദി അറേബ്യ 19ാമതും ഒമാൻ 25ാമതുമാണ്. വികസിതരാജ്യങ്ങളാണ് സുരക്ഷിതത്വ പട്ടികയിൽ മുന്നിലെത്തിയത്.
അവികസിത രാജ്യങ്ങൾക്ക് കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ വേഗത്തിൽ പരിഹരിക്കാൻ കഴിയാതെപോയതായി പഠനം വിലയിരുത്തുന്നു. സാമ്പത്തിക ശക്തികളായ യു.എസ്, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങളും പ്രാദേശിക ശക്തികളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവയും കോവിഡ് അതത് മേഖലകളിലെ കോവിഡിെൻറ പ്രഭവകേന്ദ്രങ്ങളായെന്നും പഠനം വിലയിരുത്തി.
ലോകത്ത് നിലവിൽ വാക്സിൻ വിതരണത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്ന രാജ്യമാണ് യു.എ.ഇ. 100 പേരിൽ 158.24 ഡോസുകൾ ഇതിനകം നൽകിയതായാണ് കണക്ക്. ജനസംഖ്യയുടെ 74.5 ശതമാനം ആളുകൾ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 64.3 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചുകഴിഞ്ഞു.
കോവിഡ് പ്രതിരോധത്തിലെ മികവും സമാധാനപരമായ അന്തരീക്ഷവുമാണ് രാജ്യത്തിന് പട്ടികയിൽ രണ്ടാംസ്ഥാനം ലഭിക്കാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.