സുരക്ഷ മുഖ്യം: ഡെലിവറി റൈഡര്‍മാർക്ക് പുതുക്കിയ നിർദേശം
text_fieldsഅബൂദബി: ഡെലിവറി റൈഡര്‍മാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് അബൂദബി പൊലീസ്. റൈഡര്‍മാര്‍ ഉപയോഗിക്കുന്ന ബോക്സിന്റെ വീതിയും നീളവും ഉയരവും അമ്പത് സെ.മീറ്ററില്‍ കൂടരുതെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പെട്ടിയുടെ അരികുകളില്‍ റിഫ്ലക്ടീവ് സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കണം. പെട്ടിയിലെ എഴുത്ത് 20 മീറ്റര്‍ അകലെനിന്ന് വായിക്കാന്‍ പാകത്തിലാവണം.
ഫൈബര്‍ ഗ്ലാസ് കൊണ്ടാവണം പെട്ടിയുടെ നിര്‍മിതി. എളുപ്പത്തില്‍ തുറക്കുന്നതിനായി പെട്ടിയുടെ മുന്നില്‍ സംവിധാനമുണ്ടാവണം. ഡെലിവറി റൈഡര്‍മാര്‍ക്ക് ഇതിനു പുറമെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഗതാഗത മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്ന് അബൂദബി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ഇരുചക്ര മോട്ടോര്‍ വാഹനങ്ങളുടെ അപകടംമൂലമുള്ള മരണവും പരിക്കുകളും അബൂദബിയില്‍ 2021ല്‍ 20 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാത്തതും പൊടുന്നനെയുള്ള ലെയിന്‍ മാറ്റവും അടക്കം ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ ദീര്‍ഘസമയത്തെ ജോലി മൂലമുള്ള ഡ്രൈവര്‍മാരുടെ ക്ഷീണവും അപകടങ്ങളുണ്ടാവുന്നതിന് പ്രധാന കാരണമാണ്.
ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് റോഡപകടങ്ങള്‍ കുറക്കുന്നതിന് ബോധവത്കരണ പരിപാടി കഴിഞ്ഞമാസം ദുബൈയും സംഘടിപ്പിച്ചിരുന്നു.
അമിതവേഗം ഒഴിവാക്കുന്നതിനും അപക്വമായി ഡ്രൈവിങ് രീതികള്‍ മാറ്റുന്നതിനുമായി നിരവധി ബോധവത്കരണ പരിപാടികളും ശിൽപശാലകളുമാണ് അധികൃതര്‍ നടത്തിവരുന്നത്. ഹെല്‍മറ്റ്, ജാക്കറ്റ്, പാന്റ്സ്, ബൂട്ട് തുടങ്ങി മുഴുവന്‍ സുരക്ഷ ഉപകരണങ്ങളും ധരിക്കുന്ന ഇരുചക്ര ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതും പദ്ധതിയുടെ ഭാഗമാണ്. നല്ല ടയറുകള്‍, മുന്നിലെയും പിന്നിലെയും പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍, റിഫ്ലക്ടിവ് സ്റ്റിക്കറുകള്‍ മുതലായവ വാഹനത്തിനുണ്ടാവണം. മോശം കാലാവസ്ഥയില്‍ വാഹനമോടിക്കരുത്.
കാല്‍നടയാത്രികര്‍ക്ക് നിഷ്കര്‍ഷിച്ചിരിക്കുന്ന പാതകളിൽ പ്രവേശിക്കരുത്, വീടുകളുടെയും കെട്ടിടങ്ങളുടെയും പ്രവേശനകവാടങ്ങളിൽ വാഹനം നിര്‍ത്തരുത് തുടങ്ങിയ നിര്‍ദേശങ്ങളും അധികൃതര്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.